കോവിഡ്: മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ കാലതാമസം; ആശുപത്രികളും തദ്ദേശസ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം> കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളില് പരാതി ഉയര്ന്നിട്ടുണ്ടെന്നും ഇത് സംഭവിക്കാതിരിക്കാന് ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മില് ഏകോപനവും ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തില് ബന്ധപ്പെട്ടവര്ക്ക് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളില് 10 ശതമാനം ബെഡ്ഡുകള് കോവിഡ് രോഗികള്ക്കായി റിസര്വ് ചെയ്യണമെന്ന നിര്ദ്ദേശത്തിന് അനുസൃതമായ നടപടികള് സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില് ഐസിയു ബെഡ്ഡുകളുടെ എണ്ണം വര്ധിപ്പിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലേയും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ഐസിയു ബെഡ്ഡുകള് എംപാനല് ചെയ്യുന്നതിനുള്ള നപടിക്രമങ്ങളും പൂര്ത്തീയാവുകയാണ്. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളില് കിയോസ്കുകള് കൂടുതലായി സ്ഥാപിക്കാന് ജില്ലാ കലക്ടര്മാര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങള് കണ്ടെത്തുകയും, അവയില് 57 ഇടങ്ങളില് ഇതിനകം കിയോസ്കുകള് പ്രവര്ത്തനമാരംഭിക്കുകയും ചെയ്തു.

കോവിഡ് രോഗബാധിതരായവരില് മറ്റു അനാരോഗ്യങ്ങള് ഉള്ളവര് കൃത്യമായ ഇടവേളകളില് കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.ഇക്കാര്യത്തില് വേണ്ട ബോധവല്ക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ന് പ്ലാന് തയ്യാറാക്കിയിട്ടുണ്ട്.

കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞതാണ്. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്ക്ക് ആവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കോവിഡ് കെയര് സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കും. അതിനുള്ള മാര്ഗനിര്ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന് സൗകര്യം ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു



Credits Kerala || Deshabhimani ​Online ​News https://ift.tt/3jyVaGM

Comments

Archive

Contact Form

Send