പ്രതിരോധകരാറുകള്‍ അമേരിക്കയ്ക്ക് വിധേയരാക്കി: സിപിഐ എം, സിപിഐ
ന്യൂഡല്ഹി > അമേരിക്കന് സൈന്യത്തിനും അവരുടെ തന്ത്രപരമായ പദ്ധതികള്ക്കും വഴങ്ങാന് ഉഭയകക്ഷി പ്രതിരോധകരാറുകള് ഇന്ത്യന് പ്രതിരോധസേനകളെ ബാധ്യസ്ഥരാക്കിയെന്ന് സിപിഐ എം, സിപിഐ സംയുക്തപ്രസ്താവനയില് പറഞ്ഞു. വാര്ത്താവിനിമയ, ഇലക്ട്രോണിക് സംവിധാനങ്ങള് പരസ്പരം കൂട്ടിച്ചേര്ക്കുന്നത് ഇന്ത്യന് പ്രതിരോധസംവിധാനത്തിന്റെ പരമാധികാരത്തെയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കും. അമേരിക്ക നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയില് അധിഷ്ഠിതമായ ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറും.
ഇരുരാജ്യത്തെയും പ്രതിരോധ, വിദേശമന്ത്രിമാര് പങ്കെടുത്ത ടു പ്ലസ് ടു ചര്ച്ച ഉപഗ്രഹസാങ്കേതിക വിദ്യ മേഖലയില് സഹകരണത്തിനുള്ള അടിസ്ഥാന വിനിമയ സഹകരണ കരാര്(ബെക്ക) ഒപ്പിട്ടു. ഇതോടെ അമേരിക്കയുമായി സൈനികസഹകരണത്തിനുള്ള അടിസ്ഥാന കരാറുകള് പൂര്ത്തിയായി. നവംബറില് നാല് 'ക്വാഡ്' രാജ്യം പങ്കെടുന്ന 'മലബാര് നാവികഅഭ്യാസം' നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചു.
ലഡാക്കിലെ യഥാര്ഥ നിയന്ത്രണരേഖയില് ഈയിടെ ചൈനയുമായി ഉണ്ടായ സംഘര്ഷത്തിന്റെ പേരിലാണ് ഈ നടപടികളെ ന്യായീകരിക്കുന്നത്. എന്നാല് ഇതിനും എത്രയോ മുമ്പ് ഈ കരാറുകള് അണിയറയില് ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും വര്ഷങ്ങളിലാണ് സൈനികതാവളങ്ങള് പരസ്പരം ഉപയോഗിക്കാനുള്ള കരാറും വാര്ത്താവിനിമയ സഹകരണത്തിനുള്ള ഉടമ്പടിയും 'ക്വാഡ്' ഗ്രൂപ്പിന്റെ വികസനവും ഉണ്ടായത്.
അമേരിക്കയുമായി രൂപംകൊള്ളുന്ന സൈനികസഖ്യം ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിലും തന്ത്രപരമായ സ്വയംഭരണാവകാശത്തിലും ദീര്ഘകാല പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യയുടെ ദേശീയതാല്പര്യങ്ങള്ക്ക് നിരക്കുന്നതല്ല ഈ നീക്കം. ചൈനയുമായുള്ള അതിര്ത്തിതര്ക്കം പരിഹരിക്കാന് ഏറ്റവും ഉയര്ന്ന രാഷ്ട്രീയ, നയതന്ത്രതലങ്ങളില് കേന്ദ്രസര്ക്കാര് ചര്ച്ചകള് തുടരണം; അമേരിക്കയുടെ മേഖല ഭൗമ---രാഷ്ട്രീയതന്ത്രങ്ങള്ക്ക് ഇന്ത്യ വഴങ്ങേണ്ടതില്ല-സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല് സെക്രട്ടറി ഡി രാജ എന്നിവര് ഒപ്പിട്ട സംയുക്തപ്രസ്താവനയില് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/37NURFR
Comments