ബാങ്കിങ്ങ് നിയമ ഭേദഗതി സഹകരണ, കാർഷിക മേഖലയെ നശിപ്പിക്കും: ബെഫി വെബിനാർ

കൊച്ചി> കേന്ദ്രസർക്കാർ പുതിയതായി കൊണ്ട് വന്ന ബാങ്കിങ്ങ് നിയമ ഭേദഗതിയും കാർഷിക ബില്ലുകളും സഹകരണമേഖലയെ ഇല്ലാതാക്കുകയും കാർഷിക മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് വിട്ട് കൊടുക്കുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യാ വെബിനാർ അഭിപ്രായപ്പെട്ടു. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച ചെറുത്ത് നില്പ് ആവശ്യമാണെന്നും വെബിനാർ ചൂണ്ടിക്കാട്ടി. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ എഴുപത്തി അഞ്ചാം സ്ഥാപക ദിനത്തിന്റെ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്.


ആൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് റാണാ മിത്ര മുഖ്യ പ്രഭാഷണം നടത്തി. സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളുടെ സമ്പന്ന പക്ഷപാതിത്വത്തെക്കുറിച്ച് അദ്ദെഹം സൂചിപ്പിച്ചു. മഹാമാരിയുടെ കാലത്ത് ദാരിദ്യവും അസമത്വവും ഒരു വശത്ത് വർദ്ധിക്കുമ്പോൾ മറുവശത്ത് ലാഭം കുന്നുകൂടുകയാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് ബദൽ നിർദ്ദേശിക്കുമ്പോൾ സഹകരണ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ലോകത്തിലെ മുതലാളിത്ത പക്ഷക്കാരായ സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ പോലും ഇപ്പോൾ തുടർന്ന് വരുന്ന മുതലാളിത്ത നയ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വേണമെന്ന് മുഖപ്രസംഗങ്ങൾ എഴുതുകയും ആവശ്യം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. എല്ലാം കമ്പോളത്തിന് വിട്ട് കൊടുക്കാതെ സർക്കാരുകൾ ക്രിയാത്മകമായി ഇടപെടണം. അങ്ങിനെ ഒരു ആഗോളമാതൃക ഉയർന്ന് വരണം എന്നും അവർ അഭിപ്രായപ്പെടുന്നു.

കേന്ദ്രം ഇപ്പോൾ കൊണ്ടു വരുന്ന ബിൽ സഹകരണ മേഖലയുടെ ഊർജ്ജസ്വലതയെ ഇല്ലാതാക്കുന്ന ഒന്നാണ്. സഹകരണ മേഖല മുഴുവൻ തട്ടിപ്പാണെന്നും അതിനൊരു പരിഹാരം ആ മേഖലയെ പൂർണ്ണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ട് വരിക എന്നതാണെന്നുമുള്ള പ്രചരണം വ്യാപകമാണ്. എങ്കിലും റിസർവ് ബാങ്ക് തന്നെ പുറത്ത് വിട്ടിട്ടുള്ള കണക്കുകൾ ഈ പ്രചരണത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു. ബാങ്കിങ്ങ് മേഖലയിൽ നടക്കുന്ന തട്ടിപ്പുകളുടെ 2% മാത്രമാണ് സഹകരണ മേഖലയിൽ നടക്കുന്നത്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിന് ആരും എതിരല്ല. പക്ഷെ,. സംസ്ഥാന വിഷയം എന്ന നിലയിൽ അതിന്റെ ഇരട്ട നിയന്ത്രണവും ജനാധിപത്യ സ്വഭാവവും ഇല്ലാതാക്കുന്നതാണ് എതിർക്കപ്പെടുന്നത്.

മറ്റൊരു വിഷയം കൃഷിയും സഹകരണവും സംസ്ഥാന വിഷയമാണ് എന്നതാണ്. അതിലേയ്ക്കാണ് കേന്ദ്ര സർക്കാർ കടന്നു കയറുന്നത്. ഇപ്പോൾ കൊണ്ട് വന്നിട്ടുള്ള മൂന്ന് കാർഷിക ബില്ലുകളും കാർഷിക മേഖലയുടെ കോർപ്പറേറ്റ്വൽക്കരണമാണ് ലക്ഷ്യം വെയ്ക്കുന്നത്.

കേരളത്തിലെ സഹകരണ മേഖലയുടെ മാതൃകയിൽ ശക്തവും ജീവസ്സുറ്റതുമായ സഹകരണ മേഖല എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരികയാണെങ്കിൽ അത് വൻകിട ധനകാര്യ സ്ഥാപനങ്ങൾക്ക് അതിജീവിക്കാനാവുകയില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ള നയ നിർമ്മാതാക്കൾ തന്നെയാണ് ഇപ്പോഴത്തെ ബാങ്കിങ്ങ് നിയമഭേദഗതിയുടെയും കാർഷിക മേഖലയിലെ ബില്ലുകളുടെയും പിന്നിൽ.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാർ കാർഷിക ബില്ലുകൾ, ബാങ്കിങ്ങ് നിയമ ഭേദഗതി, വേജ് കോഡ് ബില്ലുകൾ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഓരോ ബില്ലും കുത്തക താല്പര്യമാണ് സംരക്ഷിക്കുന്നത്. കർഷകർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും നേരെ അവ വാതിൽ കൊട്ടിയടയ്ക്കുന്നു. അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിൽ ഏർപ്പെടുത്തിയ ഇൻകം റ്റാക്സ്, നോട്ട് നിരോധനകാലത്ത് സഹകരണ മേഖല നേരിട്ട കടുത്ത ആക്രമണം എന്നിവയെക്കുറിച്ച് ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന ജനറൽ സെക്രട്ടറി വി ബി പദ്മകുമാർ സംസാരിച്ചു.

ബെഫി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ എന്നിവരും വെബിനാറിൽ പങ്കെടുത്ത് സംസാരിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും ബെഫി ജനറൽ കൗൺസിൽ അംഗവും ആയ ജോസ് ടി എബ്രഹാം മോഡറേറ്ററായി.

നവംബർ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രാരംഭ പരിപാടിയായി ബെഫി സംസ്ഥാന കമ്മിറ്റി ഒക്ടോബർ 10ന് സംസ്ഥാനത്തുടനീളം കുടുംബാംഗങ്ങളുടെ പ്രകടനവും വെബിനാറും സംഘടിപ്പിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2GpDFLA

Comments

Archive

Contact Form

Send