കോവിഡ്‌ പ്രതിരോധത്തിൽ കേരളം മികച്ച മാതൃക: രാഹുൽ ഗാന്ധി


കൽപ്പറ്റ> കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് രാഹുൽഗാന്ധി എം പി. കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാന കോൺഗ്രസ് നിലപാടിനെ രാഹുൽ പരസ്യമായി തളളിയത്. കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്നും രാഹുൽ പറഞ്ഞു. മികച്ച വികേന്ദ്രീകൃത സംവിധാനങ്ങളാണ് പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തെ വ്യത്യസ്തമാക്കുന്നത്.

ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന് നടത്തുന്ന പ്രതിരോധ പ്രവർത്തനം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് നല്ല രീതിയിൽ തന്നെയാണ് നടക്കുന്നത്. മഹാമാരിയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഹർഷവർധന്റെ പ്രസ്താവന പരാമർശിച്ച് രാഹുൽ പറഞ്ഞു. രോഗത്തെ അതിജീവിക്കാനുള്ള കഴിവ് കേരളത്തിനുണ്ട്. രോഗം തടയുന്നതിൽ പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ടെന്നും രാഹുൽ ഓർമപ്പെടുത്തി.

അന്വേഷണ ഏജൻസികളെ കേന്ദ്ര സർകാർ രാഷ്ട്രീയ ആയുധമാക്കുന്നു: രാഹുൽ

കൽപ്പറ്റ> സിബിഐ, ഇഡി പോലുള്ള അന്വേഷണ ഏജൻസികളെ കേന്ദ്ര സർകാർ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങളാക്കി മാറ്റുകയാണെന്ന് രാഹുൽഗാന്ധി എം പി പറഞ്ഞു. രാജ്യത്ത് താനുൾപ്പെടെ നിരവധി നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പീഡിപ്പിക്കുന്നതായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കെതിരായ ഇഡി നടപടി പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

രാജ്യത്തിലെ ജനങ്ങൾക്ക് നീതി നടപ്പാക്കാൻ പ്രവർത്തിക്കണ്ട അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുകയാണ്. സ്വന്തം ഇംഗിതത്തിന് വഴങ്ങാത്തവരെല്ലാം അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരങ്ങളെയും രാഹുൽ തള്ളി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് അങ്ങ് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ ഇത് സംബന്ധിച്ച് നടത്തുന്ന അന്വേഷണം പൂർത്തിയാക്കി യാഥാർഥ വസ്തുത പുറത്ത് കൊണ്ടു വരട്ടെ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.



Credits National || Deshabhimani ​Online ​News https://ift.tt/3jgvDCa

Comments

Archive

Contact Form

Send