മനുഷ്യത്വത്തിന്റെ മഹനീയത ഒരു പ്രഖ്യാപനമായി ഉയർത്തിയത് ശ്രീനാരായണ ഗുരു : മുഖ്യമന്ത്രി
തിരുവനന്തപുരം>മനുഷ്യത്വത്തിന്റെ മഹനീയത ഒരു ലക്ഷ്യവും പ്രഖ്യാപനവുമായി ചരിത്രത്തിലുയർത്തിയത് ശ്രീനാരായണ ഗുരുവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംസ്ഥാനത്തെ ആദ്യ ഓപ്പൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഒരു ജനസഞ്ചയത്തെ ഉന്നതമായ മാനവിക ബോധത്തിന്റെ വെളിച്ചത്തിലേക്കും സമഭാവനാ ചിന്തയിലേക്കും ആനയിച്ച സൗമ്യനായ സന്ന്യാസി വര്യനാണ് ഗുരു. അദ്ദേഹം ഉണർത്തിവിട്ട ചലനങ്ങൾ ഏതെങ്കിലും ഒരു സമുദായത്തിൽ മാത്രമായി ഒതുങ്ങിയില്ല. സമസ്ത ജാതി വിഭാഗങ്ങളിലും പരിഷ്ക്കരണങ്ങൾ ഉണ്ടാക്കുന്നതിന് ആ ചിന്ത വഴിവെച്ചു.
.jpg)
ഗുരുവിന്റെ ഒരുപാട് ദർശനങ്ങളും മാനവിക വചനങ്ങളും നമ്മുടെ മുന്നിലുണ്ട് .അതിൽ എല്ലാ കാലത്തും തെളിവെളിച്ചമായി നമ്മേ നയിച്ച മൂന്ന് സന്ദേശങ്ങളുണ്ട്. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നനാകുക എന്നതാണത്. പ്രബുദ്ധത എന്ന വാക്ക് ഒരുപക്ഷേ ആദ്യമായി ഉച്ചരിച്ചത് ശ്രീനാരായണ ഗുരുവായിരിക്കും. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ മാത്രമല്ല. അന്യ ജീവനുതകുന്നവിതം അതറിയിച്ചുകൊടുക്കാനും ഗുരു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം ബൈപാപ്പാസിൽ കുരീപ്പുഴ അഷ്ടമുടിക്കായലോരത്തെ താൽക്കാലിക കെട്ടിടത്തിലാണ് സർവകലാശാലയുടെ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ ഒന്നരലക്ഷത്തിലേറെ പേർക്ക് പഠനസൗകര്യമുണ്ടാകും. കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല. നാല് പ്രാദേശിക കേന്ദ്രവുമുണ്ട്. കോൺടാക്ട് ക്ലാസുകളിലൂടെയും ഓൺലൈൻ പഠനത്തിലൂടെയും വിദ്യാർഥികൾക്ക് പരിശീലനം നൽകും. സംസ്ഥാനത്തെ വിവിധ കോളേജുകളുടെ ലൈബ്രറി,- ലബോറട്ടറി സൗകര്യങ്ങൾ ഓപ്പൺ സർവകലാശാല പ്രയോജനപ്പെടുത്തും. ഇഗ്നോ മാതൃകയിൽ ലോകമെമ്പാടുമുള്ളവർക്ക് പഠിക്കാൻ കഴിയുന്ന നിലയിലാകും സർവകലാശാലയുടെ പ്രവർത്തനം.
സാധാരണ കോഴ്സുകൾക്കു പുറമെ മൂന്നുമാസം മുതൽ ഒരുവർഷം വരെ ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത, തൊഴിൽ നൈപുണ്യ കോഴ്സുകളുമുണ്ടാകും. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ് ഭാഷാ കോഴ്സുകളുമുണ്ട്. നിലവിൽ മറ്റു സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്നവർക്ക് ചേരാനാകുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളും തുടങ്ങും. സയൻസ് വിഷയങ്ങളിലും വിദൂര കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷനുമുണ്ടാകും. ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. പ്രായപരിധിയില്ല.
Credits Kerala || Deshabhimani Online News https://ift.tt/3naztzR
Comments