വാക്‌സിൻ വിതരണം: സംസ്ഥാനങ്ങളിൽ പ്രത്യേക സമിതികൾ
ന്യൂഡൽഹി
കോവിഡ് പ്രതിരോധമരുന്ന് വിതരണത്തിനുള്ള ബൃഹദ് പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആരോഗ്യരംഗത്തെ മറ്റ് സേവനങ്ങളെ ബാധിക്കാതെ വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി മൂന്ന് സമിതി രൂപീകരിക്കണം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്എസ്സി), അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കർമസേന (എസ്ടിഎഫ്), ജില്ലാ മജിസ്ട്രേട്ട് അധ്യക്ഷനായി ജില്ലാ കർമസേന (ഡിടിഎഫ്). ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
ഒരു വർഷത്തോളം നീളുന്ന പ്രക്രിയയായിരിക്കും വാക്സിൻ വിതരണം. ആരോഗ്യപ്രവർത്തകരിൽ ആരംഭിച്ച് മുൻഗണനാടിസ്ഥാനത്തിൽ മറ്റ് വിഭാഗങ്ങൾക്കും മരുന്ന് നൽകും. ഭൂമിശാസ്ത്രസ്വഭാവവും ഗതാഗതബുദ്ധിമുട്ടുകളും പരിഗണിച്ച് പദ്ധതി രൂപീകരിക്കണം. പരമാവധി ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങൾ മുൻകൂട്ടി തടയണം. മികച്ച പ്രകടനത്തിന് ജില്ല, ബ്ലോക്ക്, വാർഡ്തല പാരിതോഷികം നൽകണം.
വിതരണ പ്രക്രിയക്കുള്ള മാർഗനിർദേശവും സാമ്പത്തിക സ്രോതസ്സ് ഒരുക്കലും എസ്ടിഎഫ് നിർവഹിക്കണം. മരുന്ന് സ്വീകരിക്കുന്നവരുടെ സ്ഥിതിവിവര കണക്കിന്റെ മേൽനോട്ടം എസ്ടിഎഫിനാണ്. ആശയവിനിമയത്തിനുള്ള പദ്ധതി, മരുന്ന് സൂക്ഷിക്കാനുള്ള ശീതീകരണി, ഗതാഗതസൗകര്യം തുടങ്ങിയവ ഒരുക്കണം. എസ്എസ്സി മാസത്തിൽ ഒരിക്കലും എസ്ടിഎഫ് രണ്ടാഴ്ചയിൽ ഒരിക്കലും ഡിടിഎഫ് ആഴ്ചയിൽ ഒരിക്കലും യോഗം ചേരണം.
Credits Kerala || Deshabhimani Online News https://ift.tt/3jCGUwI
Comments