സിനിമ നിര്‍മാതാവ് ചെറുപുഷ്പം കൊച്ചേട്ടന്‍ അന്തരിച്ചു

പാലാ > പ്രശസ്ത സിനിമ നിര്മാതാവും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ കക്കാട്ടില് (ചെറുപുഷ്പം കൊച്ചേട്ടന് 86) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച പകല് മൂന്നിന് കുരുവിനാല് സെന്റ് മൈക്കിള്സ് പള്ളി സെമിത്തേരിയില്. മൃതദേഹം രാവിലെ എട്ടിന് പുലിയന്നൂരിലെ വസതിയില് എത്തിച്ച് പൊതുദര്ശനത്തിന് വയ്ക്കും.

ആദ്യകാല സിനിമ നിര്മ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയായ കൊച്ചേട്ടന് പാലായിലെ ആദ്യകാല വ്യാപാരിയാണ്. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് വിശ്രമജീവിതംജീവിതം നയിച്ചു വരികയായിരുന്നു. ചേര്പ്പുങ്കല് മാര്സ്ലീവാ ആശുപത്രിയില് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്ച്ചെയാണ് അന്ത്യം.

മലയാള സിനിമ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ആദ്യകാല ബാനറായിരുന്ന ചെറുപുഷ്പം ഫിലിംസ്. അക്കാലത്തെ പ്രമുഖ നടീനടന്മാര് ഈ നിര്മ്മാണ കമ്പനിയുടെ സിനിമയില് അവസരം ലഭിക്കാന് കാത്തിരുന്ന കാലം ഉണ്ടായിരുന്നു. ആദ്യകാല സൂപ്പര് ഹിറ്റുകള് ഉള്പ്പെടെ പത്തിലേറെ സിനിമകള് നിര്മ്മിച്ച ചെറുപുഷ്പം ഫിലിംസ് ദക്ഷിണേന്ത്യയിലെ പ്രധാന നിര്മ്മാതാക്കളായിരുന്ന സൂപ്പര്ഗുഡുമായി ചേര്ന്ന് എട്ട് സിനിമകളും പുറത്തിറക്കി. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകള് നിര്മ്മിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ഡിജിറ്റല് വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓര്ഗനൈസേഷന് (യുഎഫ്ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം എന്ന ആശയം മലയാള സിനിമയില് ആദ്യമായി നടപ്പാക്കിയത് ചെറുപുഷ്പം ഫിലിംസ് വഴിയായിരുന്നു. കൊച്ചി ഉദയംപേരൂരില് അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെയും സിനിമാ കേന്ദ്രമായിരുന്നു.

1975 ല് അനാവരണം എന്ന സിനിമയുടെ നിര്മാണത്തിലൂടെയാണ് കൊച്ചേട്ടന് സിനിമ നിര്മാണ രംഗത്ത് എത്തിയത്. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും സിനിമ നിര്മാണ രംഗത്ത് കൊച്ചേട്ടന് ശ്രദ്ധേയനായി. ചിത്രത്തിലെ അണിയറക്കാര്ക്കെല്ലാം നഷ്ടം സഹിച്ചും അദ്ദേഹം പ്രതിഫലം നല്കിയത് ചലച്ചിത്ര രംഗത്ത് സംസാരവിഷയമായിരുന്നു. തുടര്ന്ന് താല്കാലികമായി സിനിമാലോകത്ത് വിട്ടു നിന്ന കൊച്ചേട്ടന്, സംഗീത സംവിധായകന് ദേവരാജന് മാസ്റ്ററിന്റെ നിര്ദ്ദേശാനുസരണം വീണ്ടും സജ്ജീവമായി. 1977ല് തെന്നിന്ത്യന് സൂപ്പര്സ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെറുപുഷ്പം ഫിംലിംസ് നിര്മ്മിച്ച 'ആ നിമിഷം' വലിയ വിജയം നേടി. അടുത്തവര്ഷം (1978) കമലാഹാസന്, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വന്വിജയം നേടിയതോടെ മലയാള സിനിമയില് ഏറ്റവും മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും ഉടമയായ കൊച്ചേട്ടനും വളര്ന്നു. സംവിധായക പ്രതിഭകളായ എ വിന്സെന്റ്, ഐ വി ശശി, ഭരതന്, പി ജി വിശ്വംഭരന്, ശശികുമാര്, കമല് തുടങ്ങി പ്രമുഖര്ക്കൊപ്പം പ്രവര്ത്തിക്കാനും അദ്ദേഹത്തിനായി. നിത്യഹരിതനായകന് പ്രേംനസീര്, കമലാഹാസന്, മമ്മൂട്ടി, മോഹന്ലാല്,മധു, സുകുമാരന്, സുരേഷ്ഗോപി, ജയറാം, ശ്രീനിവാസന്, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണന്, കെപിഎസി ലളിത, മേനക, ഉര്വ്വശി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള് കൊച്ചേട്ടന്റെ ചിത്രങ്ങളില് അഭിനേതാക്കളായി.

നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരന് എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചത് ചെറുപുഷ്പം ഫിലിംസാണ്. 'നാടന് പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി മലയാളത്തില് നിര്മ്മിച്ചത്. അവസാന കാലത്തും സിനിമയിലെ സുഹൃദ്ബന്ധങ്ങള് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്ന കൊച്ചേട്ടന്റെ വീടായിരുന്നു സിനിമാ പ്രവര്ത്തകരുടെയും നടീനടന്മാരുടെയും താമസസ്ഥലം. ജില്ലയില് എവിടെ ചിത്രീകരണം നടന്നാലും താമസം ഒരുക്കിയിരുന്നത് ഈ വലിയ വീട്ടിലായിരുന്നു. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്. പ്രശസ്ത താരങ്ങള് ആഴ്ചകളോളം കൊച്ചേട്ടന്റെ അഥിതികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടില് ഒത്തുകൂടിയിട്ടുണ്ട്. കൂടാതെ സിനിമമേഖല പുതുതലമുറയിലേക്ക് മാറിയതോടെയാണ് കൊച്ചേട്ടന് സിനിമാലോകത്ത് നിന്നും മാറിയത്.

പാലായിലെ ചെറുപുഷ്പം ചാരിറ്റബിള് ട്രസ്റ്റ് ഹോസ്പിറ്റല് മാനേജിംഗ് ട്രസ്റ്റി, ടെക്സ്റ്റൈല്സ് വ്യാപാരം, ഹോം അപ്ലയന്സ് തുടങ്ങിയ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു.

ഭാര്യ: പരേതയായ അന്നക്കുട്ടി തൊടുപുഴ വലിയമരുതുങ്കല് കുടുംബാംഗം. മക്കള്: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോന്. മരുമക്കള്: പരേതനായ ഡോ. ജോസി മാളിയേക്കല് (എറണാകുളം), ജോയ് മാളിയേക്കല് (പാലാ), വില്സണ് നിരപ്പേല് (തൊടുപുഴ), സണ്ണി പുത്തോക്കാരന് (എറണാകുളം), ജ്യോതി ചെറക്കേക്കാരന് (തൃശൂര്).



Credits Kerala || Deshabhimani ​Online ​News https://ift.tt/3jKhld4

Comments

Archive

Contact Form

Send