കോഴിക്കോട് ‐ വയനാട് തുരങ്കപാത: നിർമ്മാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
കോഴിക്കോട്> വയനാട്ടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയിൽ–കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഏറെ പ്രാധാനം അർഹിക്കുന്ന പാതയാണ് നിർമ്മാണം തുടങ്ങുന്നത്. കോഴിക്കോട് , വയനാട് ജില്ലകളുടെ വികസനത്തിന് വലിയ തോതിൽ ഈ പാത സഹായമാകും. നിലവിലുള്ള താമരശ്ശേരി ചുരം റോഡിലുടെയുള്ള യാത്രക്ക് വേണ്ടി വരുന്ന സമയവും വേണ്ടിവരില്ല. താമരശ്ശേരി ചുരം റോഡിന് ബദലായി ഒരു റോഡ് എന്ന ചിന്തയാണ് തുരങ്കപാതയിലേക്കെത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
7 കിലോമീറ്ററോളം നീളമുള്ള തുരങ്കപാതയാണ് വരുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ വികസനത്തിന് അവസരമൊക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയെ യാഥാർത്ഥ്യമാക്കാൻ സർക്കാർ സ്വീകരിച്ചത്. ചരക്ക് നീക്കവും സുഗമമാകും . താമരശ്ശേരി ചുരത്തിലെ വാഹന ബാഹുല്യവും കുറയ്ക്കാനാകും . മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ, മന്ത്രിമാരായ തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, എംപിമാരായ രാഹുൽഗാന്ധി, എളമരം കരീം, എം വി ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ സർവേ നടപടികൾ തുടങ്ങി. ആനക്കാംപൊയിലിനുസമീപം മറിപ്പുഴയിലെ സ്വർഗംകുന്നിൽനിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കുസമീപം എത്തുന്നതാണ് തുരങ്കപാത. മൂന്നുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
വയനാട് തുരങ്കപാത നിർമാണത്തിന് കേരളാ സർക്കാർ കൊങ്കൺ റെയിൽവേയെയണ് സമീപിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സംരംഭം അവർ ഏറ്റെടുത്തു. കേരളാ സർക്കാരിന്റെ അഭിമാനകരമായ ഈ പദ്ധതി സമയ ബന്ധിതമായി തീർക്കുവാനാണ് തീരുമാനം. വിശദ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പഠനങ്ങൾ ആരംഭിച്ചു. പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരാത്ത രീതിയിലായിരിക്കും ഈ തുരങ്ക പാതയുടെ നിർമാണം. കൊങ്കൺ റെയിൽവേ ചെയർമാൻ സഞ്ജയ് ഗുപ്ത, ഡയറക്ടർ സുഭാഷ് ചന്ദ് ഗുപ്ത ടീ കെ ദിനേശ് കുമാർ,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം ആർ മോഹൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/30B0cMa
Comments