ഇരുപതാം നൂറ്റാണ്ടിന്റെ ധർമ്മസങ്കടങ്ങൾ ആവിഷ്ക്കരിച്ച കവി: പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം> ഇരുപതാം നൂറ്റാണ്ടിന്റെ ധർമ്മസങ്കടങ്ങൾ ആവിഷ്ക്കരിച്ച മഹാകവിയാണ് അക്കിത്തമെന്ന് പുതോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ വിമോചന സ്വപ്നങ്ങളിൽ പങ്കാളിയായി ജീവിതമാരംഭിച്ച കവി പിന്നീടുണ്ടായ സ്വപ്നഭ്രംശങ്ങളിൽ നിരാശനാകുന്നുണ്ട്.

നവോത്ഥാനവും ദേശീയവിമോചനവും എന്ന പോലെ മഹായുദ്ധങ്ങളും മഹാവ്യാധികളും ശാസ്ത്രത്തിൻ്റെ ദുരുപയോഗവും കണ്ട തലമുറയുടെ പ്രതിനിധിയാണ് അദ്ദേഹം. നിരാശകൊണ്ട് മനസ്സു തകർന്ന മനുഷ്യൻ്റെ അന്തർലോകത്തെയാണ് അദ്ദേഹം ആവിഷ്ക്കരിച്ചത്. ആ ധർമ്മസങ്കടങ്ങളെ പുതിയ തലമുറ പോസിറ്റീവായിട്ടാണ് വായിച്ചെടുക്കേണ്ടത്. " ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കവെ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം" എന്നത് ജീവിതത്തിൻ്റെ സാഫല്യത്തെക്കുറിച്ചുള്ള സമുന്നത ദർശനമാണ്.

നമ്പൂതിരി സമുദായ പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ നിന്നാണ് അക്കിത്തം തൻ്റെ സാമൂഹ്യജീവിതം ആരംഭിക്കുന്നത്. വി.ടി.യും ഇ.എം.എസും ഇടശ്ശേരിയും ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മാർഗ്ഗദർശികൾ ആയിരുന്നു. പിന്നീട് അദ്ദേഹം ഇവരിൽ നിന്നെല്ലാം വേറിട്ടു നടന്നു. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടായപ്പോഴും അവരിൽ നിന്നു പകർന്നു കിട്ടിയ മാനവികതയുടെ ദർശനം ഉപേക്ഷിച്ചില്ല. ആ ദർശനം കവിതകളെ അത്യന്തം മിഴിവുള്ളതാക്കി.

അക്കിത്തത്തിൻ്റെ നിര്യാണത്തിൽ ദു:ഖിക്കുന്ന മലയാളത്തിൻ്റെ സാംസ്കാരിക ലോകത്തിനൊപ്പം പുരോഗമന കലാസാഹിത്യസംഘവും പങ്കു ചേരുന്നതായി പ്രസിഡണ്ട് ഷാജി എൻ.കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/319TlK6

Comments

Archive

Contact Form

Send