ആരോഗ്യ മേഖലയെ അത്രകണ്ട് ആക്ഷേപിക്കാനൊന്നുമില്ല; വിമർശിക്കുന്നവരുടെ മനസാണ് പുഴുവരിച്ചത്: മുഖ്യമന്ത്രി
തിരുവനന്തപുരം> ആരോഗ്യമേഖല പുഴുവരിച്ചുവെന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹിക്കുന്ന വിമർശനങ്ങൾ തന്നെയാണോ ഇത്തരക്കാർ ഉയർത്തുന്നതെന്ന് സ്വയം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. വിദഗ്ധരെന്ന് പറയുന്നവർ നാടിന് തെറ്റിദ്ധാരണ സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടതെന്നും 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കവേ ഐഎംഎയുടെ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് തന്നെയാണ് സർക്കാർ; പ്രവർത്തിക്കുന്നത്. സ്വയം വിദഗ്ധനെന്ന് കരുതിനിൽക്കുന്ന ഏതെങ്കിലും ഒരാൾ ഉണ്ടെങ്കിൽ അദ്ദേഹത്തെ ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല എങ്കിൽ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണെന്ന് കരുതരുത്. ഏതെങ്കിലും വിദഗ്ധനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ ആ വിദഗ്ധനെ ബന്ധപ്പെടാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരുവകയുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്.
ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോൾ പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നത്. ആരോഗ്യവിദഗ്ധരാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്. മറ്റെന്തെങ്കിലും മനസിൽ വച്ചുകൊണ്ടാണെങ്കിൽ അതൊന്നും ഏശില്ല എന്നേ പറയാനുള്ളൂ. മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3jGroRu
Comments