പറക്കാം ‘പ്ലേസ്മെന്റ് സെല്ലി’ലേറി ; ആതുരസേവകർക്ക് തൊഴിൽ
തിരുവനന്തപുരം
മെഡിക്കൽ പഠനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പുനൽകുന്ന പ്ലേസ്മെന്റ് സെല്ലുമായി ആരോഗ്യ സർവകലാശാല. ഡോക്ടർമാർ, നേഴ്സുമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്കായി വിവിധ രാജ്യങ്ങളിൽനിന്ന് നിരവധി അവസരം തേടിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഗവേണിങ് കൗൺസിലിന്റെ തീരുമാനപ്രകാരം സെൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. അടുത്തിടെ ജപ്പാനിലേക്ക് നേഴ്സുമാരെ ലഭ്യമാക്കാമോ എന്ന് കാണിച്ചുള്ള ഒരു കത്ത് സർവകലാശാലയ്ക്ക് ലഭിച്ചിരുന്നു. അതിലെ ചർച്ചകൾ പുരോഗമിക്കുകയാണ്. ധാരണയിലെത്തിയാൽ ആയിരക്കണക്കിന് പേർ ജപ്പാനിലേക്ക് വിമാനം കയറും. ഇത്തരത്തിൽ ഫാമിലി മെഡിസിൻ പഠനം പൂർത്തിയാക്കിയവരെ ഇംഗ്ലണ്ടിനും ജർമനിക്കുമെല്ലാം ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് പ്ലേസ്മെന്റ് സെൽ എന്ന ആശയത്തിലേക്ക് സർവകലാശാല എത്തിയത്.
പുതിയ 28 കോഴ്സുകൾ
അഫിലിയേറ്റഡ് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ 28 കോഴ്സ് ആരംഭിക്കാനുള്ള ശുപാർശയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സീറ്റ് സംവരണം ചെയ്യാൻ സർക്കാർ നേഴ്സിങ് കോളേജുകളിൽ ബിഎസ്സിക്ക് 10 ശതമാനം സീറ്റ് വർധിപ്പിക്കാനും തീരുമാനിച്ചു. എസ്യുടി മെഡിക്കൽ കോളേജിൽ ഫാക്കൽറ്റി സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഗ്യാരന്റി തുക രണ്ട് കോടിയായി ഉയർത്തി. ഇതേ മാതൃകയിൽ ഏതാനും നേഴ്സിങ് കോളേജുകൾ ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ വി സി ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഡിഎംഇ റംലാബീവി, പ്രൊ. വി വിസി സി പി വിജയൻ, രജിസ്ട്രാർ എ കെ മനോജ്, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3j3pV6l
Comments