എല്ലാ മേഖലയെയും അന്തർസംസ്ഥാന പ്രസരണശൃംഖലയുടെ ഭാഗമാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം
കേരളത്തിന്റെ എല്ലാ മേഖലയെയും അന്തർസംസ്ഥാന പ്രസരണ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതിമേഖലയിലുണ്ടായ വലിയ നേട്ടമാണിത്. അന്തർ സംസ്ഥാന പ്രസരണ ലൈനുകളുടെ കാര്യത്തിൽ വലിയ പോരായ്മുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ അതീവ പ്രാധാന്യത്തോടെ സർക്കാർ ഇടപെട്ടു. ഏറ്റവും പ്രധാന പദ്ധതിയായ ഇടമൺ– -കൊച്ചി പവർഹൈവേ സമയബന്ധിതമായി പൂർത്തിയാക്കി. പുഗലൂരിൽനിന്ന് തൃശൂരിലേക്കുള്ള എച്ച്വിഡിസി ലൈനും തൃശൂരിലെ സബ്സ്റ്റേഷനും ഉടൻ പ്രവർത്തന സജ്ജമാക്കും. വടക്കൻ ജില്ലയിലെ വൈദ്യുതി ലഭ്യതയിൽ പരിമിതിയുണ്ട്. പ്രത്യേകിച്ച് കാസർകോട്ട്. ഈ പ്രശ്നം പരിഹരിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഉഡുപ്പി–-കാസർകോട് 400 കെവി ലൈൻ നിർമാണം ആരംഭിച്ചത്. സംസ്ഥാനത്തിനകത്തെ പ്രസരണ ശൃംഖല ശക്തിപ്പെടുത്താനും വലിയ പ്രാധാന്യം നൽകി. ഇതിനായാണ് 10,000 കോടി മുതൽമുടക്കുന്ന ട്രാൻസ്ഗ്രിഡ് നടപ്പാക്കുന്നത്. 5200 കോടിയുടെ ഒന്നാംഘട്ടം പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര പ്രസരണശേഷി ഇരട്ടിയാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വൈദ്യുതിമേഖല ഇക്കാലയളവിൽ ഏറ്റവും വലിയ പുരോഗതി നേടി. എല്ലാവീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ വാഗ്ദാനം പാലിച്ചു. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചു. പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ വൈദ്യുതി വിതരണം ചെയ്യുമെന്ന വാഗ്ദാനവും പൂർണമായ അർഥത്തിൽ പാലിക്കാനായി. പുതിയ പദ്ധതികൾ നിലവിൽ വരുന്നതോടെ വൈദ്യുതിമേഖലയുടെ കാര്യക്ഷമത വലിയതോതിൽ ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതിമന്ത്രി എം എം മണി അധ്യക്ഷനായി. ഊർജ സെക്രട്ടറി ദിനേഷ് അറോറ, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള, ഡയറക്ടർമാരായ ഡോ. വി ശിവദാസൻ, പി കുമാരൻ, ഡോ. പി രാജൻ എന്നിവർ സംസാരിച്ചു. തിരുവല്ല 110 കെവി സബ്സ്റ്റേഷൻ, നെടുങ്കണ്ടം ട്രാൻസ്മിഷൻ ഡിവിഷൻ, ലക്കിടി ഇലക്ട്രിക്കൽ സെക്ഷൻ എന്നിവയും അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ, ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ, വെളിയം ഇലക്ട്രിക്കൽ സെക്ഷൻ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. കോട്ടയം 400 കെവി ജിഐസ് സബ്സ്റ്റേഷൻ, മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ, ഷൊർണൂർ സബ് റീജ്യണൽ സ്റ്റോർ, നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jBJCDA

Comments

Archive

Contact Form

Send