ബാബറി കേസിലെ വിധി നീതി നിഷേധത്തിന്റെ തുടര്‍ച്ച: സിപിഐ എം

തിരുവനന്തപുരം> രാജ്യത്ത് ഒരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുന്ന സംഭവ പരമ്പരയുടെ തുടർച്ചയാണ് ബാബറി മസ്ജിദ് കേസിലെ സിബിഐ കോടതി വിധിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തി. ബിജെപി ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടപ്പാക്കുന്ന രീതിയാണ് ഭരണഘടനാ സ്ഥാപനങ്ങളിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലഖ്നൗ സിബിഐ കോടതി വിധി. ഹിന്ദുത്വ ശക്തികളുടെ മേധാവിത്തം നീതിന്യായ രംഗത്ത് പ്രതിഫലിപ്പിക്കുന്ന വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സെക്രട്ടറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന സംരക്ഷിയ്ക്കാന് ജനങ്ങള് ഒന്നിച്ചുനിന്നു പോരാടേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിധി ഒരു ഒറ്റപ്പെട്ട സംഭവമല്ല. നിയമവാഴ്ച ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവനും ആരാധനാലയങ്ങൾക്കും സുരക്ഷ ഇല്ലാത്ത അവസ്ഥയാണ്. ദേശീയ പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, കശ്മീരിനെ വെട്ടിമുറിക്കൽ, അയോധ്യ കേസിലെ വിധി, കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ രാമക്ഷേത്ര നിർമാണം എന്നിവയെല്ലാം ഇതിന് തെളിവാണ്. ഡൽഹിയിലെ വർഗീയകലാപത്തിൽ കാവിവൽക്കരണത്തിന് വിധേയമായ നിലപാട് സ്വീകരിക്കാൻ വിസമ്മതിച്ച നേതാക്കളെല്ലാം വേട്ടയാടുകയാണ്.
ബാബറി മസ്ജിദ് തകർത്ത പ്രതികളെ വെറുതെവിട്ടവിധിക്കെതിരെ അപ്പീൽ നൽകാൻ മടിക്കരുത്. അതിശക്തമായ ബഹുജനാഭിപ്രായം ഉയർന്നുവരണം. അതിനായാണ് 2500 കേന്ദ്രങ്ങളിൽ സിപിഐ എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. തുടർന്നും ഇത്തരം ഇടപെടലുകൾ നടത്തുമെന്ന് കോടിയേരി പറഞ്ഞു.
ഹത്രാസ് സംഭവം മനസാക്ഷിയെ ഞെട്ടിച്ചുവെന്നും രാജ്യത്ത് നിയമവാഴ്ച ഇല്ലാതായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.


Credits Kerala || Deshabhimani ​Online ​News https://ift.tt/3cRHt3R

Comments

Archive

Contact Form

Send