നല്‍കും തുടര്‍ചികിത്സ ; കോവിഡ് ഭേദമായാലും കരുതല്‍ വേണം
തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രിയിലും കോവിഡാനന്തര രോഗചികിത്സയ്ക്കായി പ്രത്യേക വിഭാഗം തുടങ്ങും. കോവിഡ് ഭേദമായവരിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് ഇത്.
സാമൂഹികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം, താലൂക്ക്– -ജില്ല–- ജനറൽ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം കോവിഡാനന്തര ചികിത്സ ആരംഭിക്കും. ഇതിനായി ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടും മലപ്പുറത്തും ഇത്തരം ചികിത്സയുണ്ട്. ശ്വസനം, പേശി, -അസ്ഥി എന്നിവയുമായി ബന്ധപ്പെട്ട അനാരോഗ്യം, നാഡീരോഗം എന്നിവയാണ് കോവിഡ് ഭേദമായവരിൽ കൂടുതൽ കണ്ടത്. ഇവർക്ക് കൂടുതൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
രോഗം ഭേദമായവർ എത്തണം
കോവിഡ് മുക്തരായ എല്ലാവരും അടുത്തുള്ള കോവിഡാനന്തര ചികിത്സാകേന്ദ്രത്തിലെത്തണം. ഓരോ മാസവും തുടർചികിത്സയുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന കോവിഡാനന്തരകേന്ദ്രം ആഴ്ചയിലൊരു ദിവസം നിശ്ചിത സമയത്ത് പ്രവർത്തിക്കും. ഇവിടെ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തയ്യാറാക്കിയ പഠനഭാഗം ഇതിനായി ഉപയോഗിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ളവരെ താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റും. ടെലിമെഡിസിന്റെ വിപുലമായ സാധ്യതയും പരിശോധിക്കും.
വ്യായാമം നിർബന്ധം
രോഗം ഭേദമായവരിൽ ആരോഗ്യപ്രശ്നങ്ങൾ മറികടക്കാൻ നടത്തവും വ്യായാമവും നിർബന്ധമാണ്. ശ്വസന വ്യായാമങ്ങൾ, സ്ക്വാട്ട്സ്, പുഷ് അപ്സ് എന്നിവ കൃത്യമായ ഇടവേളകളിൽ പരിശീലിക്കാം. രോഗമുക്തിയുടെ ആദ്യ ആഴ്ചയിൽ ദിവസം അഞ്ചുതവണവീതം അഞ്ച് മിനിറ്റ് വീതവും രണ്ടാം ആഴ്ചയിൽ ദിവസവും മൂന്നുതവണവീതം 10 മിനിറ്റും മൂന്നാം ആഴ്ചയിൽ ദിവസവും രണ്ടുതവണവീതം 15 മിനിറ്റും നടക്കണം. നെഞ്ചുവേദന, കിതപ്പ്, ശ്വാസതടസ്സം എന്നിവ തോന്നിയാൽ വ്യായാമം നിർത്തണം.
Credits Kerala || Deshabhimani Online News https://ift.tt/3oJMxx1
Comments