ഗുജറാത്തിൽ എസ്‌എഫ്‌ഐ നേതാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി
ഹാഥ്രസിലെ ബലാത്സംഗ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച ഗുജറാത്തിലെ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു. സംസ്ഥാന സംഘാടക സമിതി കൺവീനറും മലയാളിയുമായ നിതീഷ് മോഹനും അഹമ്മദാബാദ് ജില്ലാ സെക്രട്ടറി ചിരാഗ് പട്ടേലുമാണ് അറസ്റ്റിലായത്. അനധികൃതമായി ആളുകളെ സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് സബർകന്ത ജില്ലയിലെ പ്രാന്തിജ് പൊലീസ് ഇരുവരെയും ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഉടൻ ഗ്രാമങ്ങൾ വിട്ടുപോകണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. രാത്രിവൈകി ഇരുവരെയും വിട്ടയച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുന്നതിനും എതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. മുമ്പില്ലാത്തവിധം വൻ ജനപങ്കാളിത്തമാണ് എല്ലായിടത്തും ഉണ്ടായതെന്ന് നിതീഷ് പറഞ്ഞു. മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ് അറസ്റ്റെന്നും പ്രതിഷേധം തുടരുമെന്നും നിതീഷ് പറഞ്ഞു.
അതിനിടെ, ജിഗ്നേഷ് മേവാനി എംഎൽഎ, കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ എന്നിവരെ ഗുജറാത്ത് പൊലീസ് വീട്ടുതടങ്കലിലാക്കി. ഹാഥ്രസ് പ്രതിഷേധറാലിയിൽ പങ്കെടുക്കാനിരിക്കെയാണ് വീട്ടുതടങ്കലിലാക്കിയത്.
Credits National || Deshabhimani Online News https://ift.tt/30J7ZHW
Comments