പിന്നിൽ നിന്ന‌് കുത്തിയത‌് ആരെന്ന് ജോസ‌് വ്യക്തമാക്കണം: പി ജെ ജോസഫ‌്
തൊടുപുഴ> യുഡിഎഫിൽ നിന്നപ്പോൾ പിന്നിൽ നിന്നും കുത്തിയത് ആരെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്ന് പി ജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നതായും ജോസഫ് തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോസ് കെ മാണി വിലകുറഞ്ഞ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. പാലായിലെ തോൽവി സ്വയം വരുത്തിവെച്ചതാണ്. പാലായിൽ ചിഹ്നം കെ എം മാണിയാണെന്ന് തെരഞ്ഞെടുപ്പുയോഗത്തിൽ പ്രഖ്യാപിക്കുകയും കൂവി അപമാനിക്കുകയും ധാർഷ്ഠ്യത്തോടെ പെരുമാറുകയും ചെയ്തവരാണ് തനിക്കെതിരെ വഞ്ചനാക്കുറ്റം ആരോപിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ധാരണ പാലിക്കാത്തതുമൂലമാണ് ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ നിന്നും പുറത്തുപോകേണ്ടി വന്നത്. അവരെ പുറത്താക്കിയതല്ല, മുന്നണിമര്യാദ പാലിക്കാതെ സ്വയം പുറത്തു പോയതാണ്.
പാലാ, കാഞ്ഞിരപ്പള്ളി, തിരുവല്ല, ഏറ്റുമാനൂർ തുടങ്ങിയ പ്രധാന സീറ്റുകളുടെ കാര്യത്തിൽ എതിർപക്ഷത്തിന് ഒരുറപ്പും ലഭിച്ചിട്ടില്ല. സീറ്റിനേക്കാൾ പ്രധാനം ആശയങ്ങളാണെന്നാണ് അവർ പറയുന്നത്.
രാജ്യസഭാസീറ്റ് താനൊരിടത്തും ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യത്തിൽ ജോസ് കെ മാണി സത്യവിരുദ്ധപ്രസ്താവന നടത്തുകയാണ്. ധാർമികതയുടെ പേരിലാണ് ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചതെങ്കിൽ, യുഡിഎഫിൽ നിന്ന് ജയിച്ച ലോക്സഭാ﹣-നിയമസഭാ സീറ്റുകളിലും അത് പാലിക്കണം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ഒരുസീറ്റും യുഡിഎഫ് പിടിച്ചെുക്കുമെന്ന് കരുതുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2IjoG6n
Comments