വികസനം പ്രകാശവേഗത്തിൽ; കൈയടിക്കാം കെഎസ്‌ഇബിക്ക്‌

തിരുവനന്തപുരം> പ്രകാശവേഗത്തിൽ വികസനപദ്ധതികൾ സാക്ഷാൽക്കരിച്ച് കെഎസ്ഇബി. പുതിയ സബ് സ്റ്റേഷൻ, ട്രാൻസ്മിഷൻ ഡിവിഷൻ, സെക്ഷൻ ഓഫീസ് കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനാകും.

110 കെവി സബ്സ്റ്റേഷൻ തിരുവല്ല

മൂന്നു കോടി രൂപ ചെലവിലാണ് തിരുവല്ല 110 കെവി സബ് സ്റ്റേഷൻ നിർമിച്ചത്. മല്ലപ്പള്ളി–-ചെങ്ങന്നൂർ 110 കെവി ലൈനിൽനിന്ന് ഭൂമിക്കടിയിലൂടെ 415 മീറ്റർ കേബിൾ വലിച്ചാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. 45,000 ഉപയോക്താക്കൾക്ക് - ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസ്സം കൂടാതെ ലഭിക്കും.

നെടുങ്കണ്ടം ട്രാൻസ്മിഷൻ ഡിവിഷൻ

ഇടുക്കി ജില്ലയിലെ പ്രസരണശൃംഖല വികസനപദ്ധതികൾ ഏകോപിപ്പിക്കാനാണ് നെടുങ്കണ്ടത്ത് പുതിയ ട്രാൻസ്മിഷൻ ഡിവിഷൻ രൂപീകരിച്ചത്. ജില്ലയിലെ വൈദ്യുതിശൃംഖല വികസിപ്പിക്കാനും നവീകരിക്കാനുമുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും പ്രസരണശൃംഖലയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനും സഹായിക്കും. രണ്ടര ലക്ഷം ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും.

ലക്കിടി ഇലക്ട്രിക്കൽ സെക്ഷൻ

ഒറ്റപ്പാലം, പത്തിരിപ്പാല ഇലക്ട്രിക്കൽ സെക്ഷനുകൾ വിഭജിച്ചാണ് ലക്കിടി ഇലക്ട്രിക്കൽ സെക്ഷൻ രൂപീകരിക്കുന്നത്. ഇതുവഴി ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെയും ലക്കിടി-പേരൂർ, അമ്പലപ്പാറ, മണ്ണൂർ എന്നീ പഞ്ചായത്തുകളിലെയും പതിനൊന്നായിരത്തോളം ഉപയോക്താക്കൾക്ക് വളരെ വേഗത്തിൽ സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാകും.

കോട്ടയം ജിഐഎസ് സബ് സ്റ്റേഷൻ

സംസ്ഥാനത്തെ ആദ്യത്തെ 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷനാണിത്. തിരുനെൽവേലി -–-കൊച്ചി 400 കെവി ലൈൻ ഉപയോഗിച്ച് കൂടംകുളം പദ്ധതിയിൽനിന്നുള്ള വൈദ്യുതി മധ്യ കേരളത്തിൽ എത്തിക്കുന്നതാണ് പദ്ധതി. മാടക്കത്തറയിൽ - സ്ഥാപിച്ചുവരുന്ന 2000 മെഗാവാട്ട് എച്ച്വിഡിസി സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി ലാഭകരമായും കാര്യക്ഷമവുമായി ഉപയോഗിക്കാനും സാധിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ 1196.5 ലക്ഷം യൂണിറ്റ് വൈദ്യുതി വാർഷികപ്രസരണ നഷ്ടത്തിൽ കുറവ് വരും. മധ്യകേരളത്തിലെ ഭാവി വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ വർധിക്കുന്ന വൈദ്യുതി ആവശ്യം നിറവേറ്റാനും കഴിയും.

പുതിയ കെട്ടിടങ്ങൾ

അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ, ഭീമനടി, വെളിയം, നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷനുകൾക്കായി നിർമിച്ച കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ മണ്ണാർക്കാട് മിനി വൈദ്യുതി ഭവനം, ഷൊർണൂർ സബ് റീജ്യണൽ സ്റ്റോർ കെട്ടിടം എന്നിവയുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/34mRVg1

Comments

Archive

Contact Form

Send