പാലക്കാട് കോൺഗ്രസിൽ വിമതപ്പട രൂക്ഷം; 13 പേരെ പുറത്താക്കി
പാലക്കാട് > വിമതപ്പട രൂക്ഷമായ കോൺഗ്രസിൽ പുറത്താക്കലും തുടങ്ങി. ഇതോടെ വഴക്കും രൂക്ഷമായി. പാലക്കാട് നഗരസഭയിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതനായി മത്സരിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി കെ ഭവദാസ്, കെപിസിസി അംഗം ടി പി ഷാജി ഉൾപ്പെടെ 13 പേരെ പാർടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ.
ഇവരെക്കൂടാതെ തെങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമാരായ കുരിക്കൾ സെയ്ത്, വട്ടോടി വേണുഗോപാൽ, മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പൂതാനി നസീർ ബാബു (അലനല്ലൂർ), മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്തലവി (ഷൊർണൂർ), കെ ടി റുഖിയ (പട്ടാമ്പി), പട്ടാമ്പി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമ്മർ കീഴായൂർ, ഐഎൻടിയുസി മലമ്പുഴ നിയോജക മണ്ഡലം റീജണൽ കമ്മിറ്റി പ്രസിഡന്റ് എം ആർ അനിൽകുമാർ (മുണ്ടൂർ), തരൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം ആർ വത്സകുമാരി, മുൻ മെമ്പർമാരായ റംലത്ത്, എ ആർ റജി, എ സുദേവൻ എന്നിവരെയും പുറത്താക്കിയെന്ന് ശ്രീകണ്ഠൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുംതോറും ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പുതർക്കം മുറുകുകയാണ്. സ്ഥാനാർഥി നിർണയ ചർച്ചയെത്തുടർന്നുള്ള തർക്കം നേതാക്കൾ തമ്മിലുള്ള തുറന്ന പോരിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങി. ഡിസിസി ഓഫീസിൽ സ്ഥാനാർഥികൾ കൂട്ടത്തോടെയെത്തി രാജിഭീഷണി മുഴക്കി. നേതൃനിരയിൽനിന്നുള്ള തർക്കം പ്രവർത്തകരെ രണ്ടുചേരിയാക്കി.
നാലുതവണ മത്സരിച്ചവരെ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന കെപിസിസി മാനദണ്ഡം ഉയർത്തി ഡിസിസി പ്രസിഡന്റ് താൽപ്പര്യമില്ലാത്തവരെ വെട്ടിനിരത്തിയെന്ന ആക്ഷേപം നേതാക്കൾ പരസ്യമായി ഉന്നയിച്ചു. പിന്നീട്, ഭീഷണിയും വെല്ലുവിളിയും ആയതോടെ കെ മധു ഉൾപ്പെടെയുള്ളവരെ തിരുകിക്കയറ്റി. അപ്പോഴും പാലക്കാട് നഗരസഭയിൽ ഭവദാസിന് സീറ്റ് നിഷേധിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/378o2kX
Comments