ഡല്‍ഹി വീണ്ടും കോവിഡിന്റെ പിടിയില്‍; പ്രതിദിനം 15000 കേസുവരെ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌

ന്യൂഡല്ഹി > രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതില് ആശങ്ക. ബുധനാഴ്ച എണ്ണായിരത്തിലധികം പുതിയ രോഗികളും 85 മരണവും റിപ്പോര്ട്ട് ചെയ്തു. നവംബര് അവസാനവും ഡിസംബര് ആദ്യവും ദിവസം പന്ത്രണ്ടായിരത്തിലധികം പുതിയ രോഗികള് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.

അതിശൈത്യവും വായുമലിനീകരണവും ദീപാവലി ആഘോഷങ്ങളും കാരണം ഡല്ഹിയില് പ്രതിദിനം 15,000 കേസുവരെ ഉണ്ടാകാനിടയുണ്ടെന്ന് നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ഒക്ടോബറില് മുന്നറിയിപ്പ് നല്കിയിരുന്നു. തലസ്ഥാനത്തെ എല്ലാവീട്ടിലും വൈറസ് എത്തിയെന്നും വസ്തുതകള് കണക്കിലെടുക്കാതെ അധികൃതര് നിയന്ത്രണങ്ങളില് ഇളവുകള് വരുത്തുന്നത് സാഹചര്യങ്ങള് കൂടുതല് വഷളാക്കുകയാണെന്നും ഡല്ഹി ഹൈക്കോടതി കഴിഞ്ഞദിവസം വിമര്ശിച്ചിരുന്നു.

രാജ്യതലസ്ഥാനത്തെ ഞെട്ടിക്കുന്ന അവസ്ഥയിലേക്ക് വെളിച്ചംവീശുന്ന പുതിയ സിറോ സര്വേയും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബറിലെ സര്വേ പ്രകാരം പരിശോധനയ്ക്ക് വിധേയരായവരില് നാലില് ഒരാള് രോഗബാധിതരായിരുന്നു. ഇവരില് സാര്സ്--കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യവും കണ്ടെത്തി. മധ്യഡല്ഹിയില് രോഗവ്യാപനം തീവ്രമാണ്. ഇവിടെ മിക്കവാറും എല്ലാവീട്ടിലും രോഗം എത്തിയെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഇരുപതിനായിരത്തിലധികം കിടക്ക സര്ക്കാര് ആശുപത്രികളില് സജ്ജീകരിക്കണമെന്ന് ഡല്ഹി സര്ക്കാര് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ കത്തില് ആവശ്യപ്പെട്ടു.

വീണ്ടും 500 കടന്ന് മരണം

ന്യൂഡല്ഹി > തുടര്ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് മരണം 500 കടന്നു. 24 മണിക്കൂറിനിടെ 550 പേര്കൂടി മരിച്ചു. ആകെ മരണം 1.29 ലക്ഷത്തോടടുത്തു. മഹാരാഷ്ട്രയിലാണ് ഒരുദിവസത്തെ കൂടുതല് മരണം-- 125. ഡല്ഹിയില് 85ഉം ബംഗാളില് 49ഉം പേര് ബുധനാഴ്ച മരിച്ചു. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.48 ശതമാനത്തില് തുടരുകയാണ്.

24 മണിക്കൂറില് 47,905 പേര്കൂടി രോഗബാധിതരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 52,718 പേര് രോഗമുക്തരായി. 4.98 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 5.63 ശതമാനമാണ്. രോഗമുക്തി നിരക്ക് 92.89 ശതമാനം. ആകെ 80,66,501 പേര് ഇതുവരെ കോവിഡ് മുക്തരായി.



Credits National || Deshabhimani ​Online ​News https://ift.tt/3lkXNxD

Comments

Archive

Contact Form

Send