കുടിശ്ശിക നിവാരണ പദ്ധതി : 15,731 വ്യാപാരികൾക്ക് 329 കോടിയുടെ ആശ്വാസം
സംസ്ഥാന നികുതി വകുപ്പിന്റെ കുടിശ്ശിക നിവാരണ പദ്ധതിയിൽ വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചത് 328.74 കോടി രൂപയുടെ ആനുകൂല്യം. ചരക്കു സേവന നികുതി വകുപ്പിന്റെ നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആംനസ്റ്റി 2020ൽ 15,731 വ്യാപാരികൾക്കായാണ് ആനുകുല്യം അനുവദിച്ചത്. ഇവർ സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ താൽപ്പര്യം പരിശോധിച്ച്, നികുതിയും പലിശയും പിഴയുമുൾപ്പെടെ 568.21 കോടി രൂപയുടെ കുടിശ്ശികയിൽ തീരുമാനമായി. 258.1 കോടിയുടെ നികുതിയും, 310.11 കോടിയുടെ പലിശയും പിഴയും ഉൾപ്പെട്ടതായിരുന്നു കുടിശ്ശിക. 239.47 കോടി രൂപ നികുതിയായി വകുപ്പിന് ലഭിക്കും.
നികുതി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി -2020. ജിഎസ്ടിക്കുമുമ്പുണ്ടായിരുന്ന കേരള മൂല്യവർധിത നികുതി, കേന്ദ്ര വിൽപ്പന നികുതി , ആഢംബര നികുതി, സർചാർജ്, കാർഷിക ആദായ നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികയാണ് ഒഴിവാക്കുന്നത്.
നികുതി വകുപ്പിന്റെ കണക്കിൽ 56,336 വ്യാപാരികൾ നികുതി കുടിശ്ശികക്കാരാണ്. 4848.3 കോടി രൂപ കുടിശ്ശിക തുകയും. ഇതിൽ നികുതിയും, അതിന്റെ പലിശയും പിഴയും ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമാകുന്നതിന് രജിസ്ട്രേഷനും താൽപ്പര്യം അറിയിക്കുന്നതിനും നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കി. ഇതുവരെ 32,063 വ്യാപാരികൾ രജിസ്റ്റർ ചെയ്തു. 22,470 പേർ താൽപ്പര്യം നൽകി. 1021.99 കോടി രൂപയുടെ കുടിശ്ശിക തീർപ്പിനാണ് താൽപ്പര്യം ലഭിച്ചിട്ടുള്ളത്.
ഇതിൽ നികുതി ഭാഗം 333.68 കോടി രുപയാണ്. ബാക്കി പലിശയും പിഴയും.
അവസരം 30വരെ
പദ്ധതി തെരഞ്ഞെടുക്കുന്നതിന് ഈ മാസം 30വരെ അവസരമുണ്ട്. പലിശയും പിഴയും പൂർണമായും ഒഴിവാക്കും. 2005 നുശേഷമുള്ള വിൽപ്പന നികുതി കുടിശ്ശികയിൽ പിഴമാത്രമെ ഒഴിവാകൂ. നികുതി കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് 60 ശതമാനവും, തവണകളാക്കുന്നവർക്ക് 50 ശതമാനംവരെയും ഇളവ് ലഭിക്കും.
അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളതടക്കം എല്ലാ നികുതി കുടിശ്ശികകൾക്കും താൽപ്പര്യം നൽകാം. മുമ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സ്വീകരിച്ച് നടപടി പൂർത്തിയാക്കാത്തവർക്കും അവസരമുണ്ട്. www.keralataxes.gov.in ൽ രജിസ്റ്റർ ചെയ്യണം.
Credits Kerala || Deshabhimani Online News https://ift.tt/3pQ0wSo
Comments