ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി, മരുന്നെടുക്കാന്‍ പോലും അനുവദിച്ചില്ല; 25 മണിക്കൂര്‍ കടുത്തമനുഷ്യാവകാശ ലംഘനം
തിരുവനന്തപുരം > അന്വേഷണത്തിന്റെ പേരില് ബിനീഷ് കോടിയേരിയുടെ കുടുംബത്തെ തടവിലാക്കി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യയും രണ്ടര വയസുള്ള കുഞ്ഞും ഭാര്യയുടെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇഡിയുടെ പരിശോധന 24 മണിക്കൂര് പിന്നിട്ടു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുടുംബത്തിനെതിരെ ഇഡി നടത്തുന്നതെന്ന് ബന്ധുക്കള് ആരോപിച്ചു.
പരാതിയെത്തുടര്ന്ന് ബാലാവകാശ കമീഷന് ബിനീഷിന്റെ വീടിനുമുന്നില് എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥര് കടത്തിവിട്ടില്ല. ഇഡിക്കെതിരെ പൂജപ്പുര പൊലീസില് ബന്ധുക്കള് പരാതി നല്കി.
പുറത്തെ പ്രതിഷേധം കടുത്തതോടെ കുടുംബത്തെ അല്പസമയം ഗേറ്റ് വരെ പോകാന് അനുവദിച്ചു. തങ്ങളെ മുറിയില് പൂട്ടിയിട്ട ശേഷം രേഖകളുമായി വരികയും അതില് ഒപ്പിടാന് ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യയുടെ അമ്മ പറഞ്ഞു. മരുന്നെടുക്കാന് പോലും ഉദ്യോഗസ്ഥര് അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. പുറത്തുനിന്ന ബാലാവകാശ കമീഷന് അംഗങ്ങളോട് സംസാരിക്കാന് പോലും ബിനീഷിന്റെ ഭാര്യയെ അനുവദിച്ചില്ല.
ബിനീഷിനെതിരെ കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് നേരത്തേ ആരോപണം ഉയര്ന്നിരുന്നു. ബിനീഷിന്റെ വീട്ടില് പരിശോധന നടത്തിയിട്ടും ഒരു രേഖയും കിട്ടാതെ വന്നപ്പോഴാണ് കള്ളക്കളി നടത്തിയത്. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്ഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടില്നിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നല്കണമെന്ന ആവശ്യം പക്ഷെ ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകര്പ്പ് നല്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇഡി നല്കാത്തതും ദുരൂഹമാണ്. അഭിഭാഷകരുമായി സംസാരിക്കണമെന്ന അവരുടെ ആവശ്യവും ഇഡി അനുവദിച്ചില്ല.
രാവിലെ തുടങ്ങി ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരിശോധന അവസാനിച്ചെങ്കിലും രേഖയില് ഒപ്പുവാങ്ങാനുള്ള ഗൂഢനീക്കം നടക്കാതെ വന്നപ്പോള് ഇഡി ഉദ്യോഗസ്ഥര് രാത്രി വൈകിയും വീട്ടില് തുടര്ന്നു. കേന്ദ്രസേനയെ അടക്കം ഇറക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകള് നീണ്ട പരിശോധനയില് ഒരു ഡയറിമാത്രമാണ് ലഭിച്ചത്. അത് അവര് തിരികെ നല്കുകയും ചെയ്തു. എല്ലാവരും പരിശോധനയോട് പൂര്ണമായും സഹകരിച്ചു. എന്നാല്, തെറ്റായ രേഖകളില് ഒപ്പിടണമെന്ന ആവശ്യം ഭാര്യ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3oZW17q
Comments