സംസ്ഥാനത്ത്‌ 4138 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 7108 പേർക്ക്‌ രോഗമുക്തി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 4138 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര് നിലവില് ചികിത്സയിലുണ്ട്. 3599 പേര്ക്ക് സമ്പര്ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര് ആരോഗ്യപ്രവര്ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില് 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര് രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.

രോഗ വ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫെറ്റാലിറ്റി നിരക്ക് കുറവാണ്. മരണ സംഖ്യ കുറച്ച് നിര്ത്താനായി. രോഗ ബാധിതര്ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കാൻ കഴിഞ്ഞതുകൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനായത്. മാസ്ക് ധരിക്കു കുടുംബത്തെ രക്ഷിക്കു എന്ന ക്യാമ്പെയിൻ ആധുനിക സങ്കേതങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിക്കും.

കേരളത്തിന്റെ നേട്ടം രാഷ്ട്രീയ നേതൃത്വത്തിന്റെ മാത്രം നേട്ടമല്ല. കഴിഞ്ഞ ദിവസങ്ങളിൽ കാണുന്ന പ്രത്യേകത ഈ നേട്ടങ്ങൾ സര്ക്കാരിന് യശസ്സുണ്ടാകുമെന്ന ശങ്കയോടെ തകര്ക്കാനാണ് നീക്കം നടക്കുന്നത്. ഏതെങ്കിലും ഏജൻസിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ല. ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്പോള് ചിലത് പറയാതിരിക്കാൻ കഴിയുന്നില്ല.

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സര്ക്കാര് ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടും എല്ലാ സഹായവും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം ന്യായമായി നീങ്ങുമെന്നായിരുന്നു സര്ക്കാരിന്റെ പ്രതീക്ഷ. തുടക്കത്തിൽ അന്വേഷണം നല്ല വഴിക്കായിരുന്നു. എന്നാൽ പിന്നീട് ഏജൻസികളുടെ ഇടപെടൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയം ആണ് സര്ക്കാരിന് എന്ന പ്രചരണം നടത്തുന്ന വിധത്തിലായി കാര്യങ്ങൾ. രഹസ്യമായി നടത്തേണ്ട അന്വേഷണം ആവഴിക്ക് നടന്നില്ല. അന്വേഷണ സംഘത്തിന് പുറത്തുള്ളവര് എങ്ങനെ അന്വേഷണ സംഘം പ്രവര്ത്തിക്കണമെന്ന് പ്രഖ്യാപിക്കാൻ തുടങ്ങി. മൊഴികളുടെ ഭാഗങ്ങൾ താൽപര്യങ്ങൾക്ക് അനുസരിച്ച് സെലക്ടീവായി ചോര്ന്ന് മാധ്യമങ്ങളിൽ വന്ന് തുടങ്ങി. അന്വേഷണം പ്രൊഫഷണലായി തുറന്ന മനസ്സോടെ ആകണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രവര്ത്തിക്കേണ്ട ഏജൻസികൾ അതിൽ നിന്നെല്ലാം വ്യതിചലിക്കുമ്പോൾ എവിടെ നീതി എന്ന ചോദ്യം ഉയരുകയാണ്.

മുൻ വിധിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അതങ്ങനെ ആകാൻ പാടില്ല. ആരെയൊക്കെയോ പ്രതിസ്ഥാനത്ത് എത്തിക്കണം എന്ന ധാരണയോടെ നടക്കുന്ന പ്രക്രിയയെ അന്വേഷണമെന്ന് പറയാനാകില്ല. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തുടങ്ങിയ അന്വേഷണം ലൈഫ് മിഷനിലേക്കും ഇ മൊബിലിറ്റി പദ്ധതിയിലേക്കുംഎല്ലാം എത്തി. ഇതിനെതിരെ ഒക്കെ ആരോപണങ്ങൾ എയ്ത് വിടുന്ന സ്ഥിതി ഉണ്ടായി. ഒന്നിലധികം ഏജൻസികൾ കേസ് കൈകാര്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജൻസിയുടെ തെളിവുശേഖരണത്തിന് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്താം. രേഖകൾ പരിശോധിക്കാം. എന്നാൽ ഇതിനെല്ലാം പരിധിയുണ്ട്.

തീരാശാപമായി നിൽക്കുന്ന കള്ളപ്പണം നിയന്ത്രിക്കാൻ കര്ശന നിയമങ്ങൾ ഉണ്ടായി . അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം. ഇതിനെല്ലാം അപ്പുറമുള്ള ഇടപെടലാണ് അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഭൂരഹിതര്ക്ക് അടച്ചുറപ്പുള്ള ഭവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലൈഫ് പദ്ധതി. ലൈഫ് പദ്ധതി സുതാര്യമാണ്. സർക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടിൽ നിർത്താൻ ശ്രമം. ലൈഫിനെ ആകമാനം താറടിക്കാൻ ശ്രമിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്നത് തടയാനാണ് ശ്രമം നടക്കുന്നത്. അന്വേഷണ ഏജൻസികൾ പരിധി ലംഘിക്കുകയാണ്. ചെലവും വരുമാനവും പരിശോധിക്കാൻ സിഎജി ഉണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kPQIF5

Comments

Archive

Contact Form

Send