കോഴ, കള്ളപ്പണം: പ്രതിപക്ഷത്തെ വലച്ച്‌ കൂടുതൽ കേസ്‌ ; 5 യുഡിഎഫ്‌ എംഎൽഎമാർ വലയത്തിൽ; 3 പേർക്യൂവിൽ


തിരുവനന്തപുരം
ഒന്നുംരണ്ടുമല്ല, പ്രതിപക്ഷനേതാവ് അടക്കം പ്രതിപക്ഷത്തെ ഏഴു പേർകൂടി കോഴ, കള്ളപ്പണക്കേസുകളിൽ അന്വേഷണ വലയത്തിലായി. സോളാർ ഉൾപ്പെടെയുള്ള പലതും യുഡിഎഫിന്റെ ഉറക്കം കെടുത്തുമ്പോഴാണ് പുതിയ കോഴ വെളിപ്പെടുത്തലും ആരോപണങ്ങളും ഉയർന്നത്. കോഴ വാങ്ങിയവരും കള്ളപ്പണ ഇടപാട് നടത്തിയവരും എംഎൽഎമാരും ജനപ്രതിനിധികളുമാണ് എന്നതാണ് പ്രത്യേകത.

സ്വർണക്കടത്ത് അന്വേഷണത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികൾ, നിരന്തരം പുകമറ തീർക്കുമ്പോഴും കേരളത്തിൽ പ്രതിപക്ഷത്തെ ഉന്നമിട്ട് സർക്കാർ നീങ്ങിയില്ല. മുൻമന്ത്രിയടക്കം പ്രതിയായിട്ടും നിയമവഴി മാത്രമാണ് അവലംബിച്ചത്. കള്ള പരാതിയുടെയോ ആരോപണങ്ങളുടെയോ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെപോലും നടപടി എടുത്തില്ല. അതേസമയം, അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ വളരെ തിടുക്കത്തിൽ കേസ് എടുത്തു.

സോളാർ, ബാർ കേസുകൾക്ക് വീണ്ടും ജീവൻ വയ്ക്കുമ്പോൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മാത്രമല്ല മുൻമന്ത്രിമാരും എംപിമാരും എംഎൽഎമാരും അടക്കം പ്രതിക്കൂട്ടിലേക്ക് കയറേണ്ടിവരുന്നത് നിയമപരമായ ബാധ്യതയാണ്.
ബാർ ഉടമ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലാണ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് വഴിതുറന്നിരിക്കുന്നത്. ബിജു രമേശ് സ്വമേധയാ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതാണ്. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ ഹർജിയും നിലവിലുണ്ട്. അതിനിടയിൽ, സോളാർ പരാതിക്കാരിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന ദേശീയ തലത്തിൽത്തന്നെ ചർച്ചയായി. ദേശീയ ചാനലുകൾ ചർച്ചവരെ സംഘടിപ്പിച്ചു. ഇക്കാര്യത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസ് എടുത്തെങ്കിൽ, ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം.

സോളാർ തട്ടിപ്പും അന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും കേന്ദ്രീകരിച്ച് നടന്ന ഇടപാടുകളും ഇന്നും ദുർഗന്ധം വമിപ്പിക്കുന്നതാണ്. അതേസമയം, സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പുകമറയുടെ മുനകൂർപ്പിക്കൽ മാത്രമാണ് നടക്കുന്നത്. അന്വേഷണം നാലുമാസം പിന്നിട്ടിട്ടും ഇതുവരെ എം ശിവശങ്കറിനെയല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാളിലേക്കും എത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല.

5 യുഡിഎഫ് എംഎൽഎമാർ വലയത്തിൽ; 3 പേർ ക്യൂവിൽ
പണാപഹരണത്തിനും തട്ടിപ്പിനും കള്ളപ്പണമിടപാടിനും പുതുതായി വിജിലൻസ് അന്വേഷണം നേരിടുന്നത് അഞ്ച് യുഡിഎഫ് എംഎൽഎമാർ. രണ്ട് പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി)യും അന്വേഷണവും. രണ്ട് പേർ മുൻ മന്ത്രിമാരാണ്. പ്രതിപക്ഷനേതാവും മുൻ മന്ത്രിയും ഒരു എംഎൽഎയും വിജിലൻസ് അന്വേഷണത്തിനുള്ള ‘ക്യൂ’വിലും.

വി കെ ഇബ്രാഹിംകുഞ്ഞ്
‘പഞ്ചവടി പാല’ത്തെ വെല്ലുന്ന വൻ അഴിമതി പാലാരിവട്ടത്ത് നടത്തിയെന്നാണ് കേസ്. വിജിലൻസ് കേസിൽ അഞ്ചാംപ്രതിയാണ് അദ്ദേഹം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമാകുംമുമ്പാണ് പാലാരിവട്ടംപാലം തകർന്നത്. ലീഗ് പത്രമായ ചന്ദ്രികയുടെ അക്കൗണ്ടിൽ രേഖയിലില്ലാത്ത പത്ത് കോടിരൂപ നിക്ഷേപിച്ചതിനാണ് ഇഡി അന്വേഷണം.

വി എസ് ശിവകുമാർ
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലൻസ് കേസിൽ പ്രതി. ലോക്കർ അടക്കം തുറന്ന് പരിശോധിച്ചു. മന്ത്രിയായിരിക്കെയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്ന് വിജിലൻസ് എഫ്ഐആർ.

കെ എം ഷാജി

അഴീക്കോട് സ്കൂൾ മാനേജ്മന്റിൽനിന്ന് ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിൽ പണം കൈപ്പറ്റിയെന്ന് വിജിലൻസ് എഫ്ഐആറിലുണ്ട്.

എം സി ഖമറുദ്ദീൻ
സ്വർണവ്യാപാരത്തിന്റെ മറവിൽ കോടികൾ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ലീഗ് പ്രവർത്തകരായ രണ്ടായിരത്തിലേറെ പേരിൽനിന്ന് 150 കോടിരൂപയുടെ നിക്ഷേപം സ്വീകരിച്ചു. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

പി ടി തോമസ്
ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പി ടി തോമസിനെതിരെ വിജിലൻസ് അന്വേഷണം. 1.03 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചശേഷം എംഎൽഎ ഇത് 80 ലക്ഷമാക്കി. കരാർ എഴുതിയശേഷം 50 ലക്ഷം പണമായി കൈപ്പറ്റാൻ നിർബന്ധിച്ചു. ബാങ്കിലൂടെ കൈമാറേണ്ട തുക നിയമവിരുദ്ധമായി കൈമാറാനും ഇടപെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3625dzu

Comments

Archive

Contact Form

Send