പുനർമൂല്യനിർണയത്തില്‍ പിഴവ്; 82 അധ്യാപകര്‍ ഉത്തരം പറയണം
തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ പുനർമൂല്യനിർണയത്തിലെ പിഴവുകളുമായി ബന്ധപ്പെട്ട് 82 അധ്യാപകരോട് വിശദീകരണം തേടാൻ സിൻഡിക്കറ്റ് തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പും മൂല്യനിർണയവുമായി ബന്ധപ്പെട്ട് പരീക്ഷാ ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് സിൻഡിക്കറ്റ് അംഗീകരിച്ചു. 24,854 ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തിയതിൽ ആദ്യം പരാജയപ്പെട്ട 24 ശതമാനം വിജയിച്ചു, 34.4 ശതമാനം ഉയർന്ന ഗ്രേഡ് നേടി. രണ്ട് മൂല്യനിർണയത്തിലായി 15 മാർക്കിന്റെ വ്യത്യാസമുണ്ടെങ്കിൽ പരീക്ഷാഫീസ് തിരികെ നൽകണം. 2617 പേർ ഫീസ് തിരികെ ലഭിക്കാൻ അർഹതനേടി. 627 ഉത്തരക്കടലാസിൽ 25 മാർക്കിലേറെ വ്യത്യാസം. 30 മാർക്കിലധികം വ്യത്യാസമുള്ള 250ഉം നാൽപ്പതിലേറെ മാര്‍ക്ക് വ്യത്യാസമുള്ള 30 ഉത്തരക്കടലാസുമുണ്ട്. പുനർമൂല്യനിർണയം നടത്തിയ 15 ശതമാനത്തിലേറെ ഉത്തരക്കടലാസിൽ 15 മാർക്കിലേറെ വ്യത്യാസം രേഖപ്പെടുത്തിയ 57 അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകുക. ആദ്യ രണ്ട് മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് ഈ വർഷംമുതൽ നിബന്ധനകളോടെ റിവ്യൂ സംവിധാനം ഏർപ്പെടുത്തി. ഇത്തരത്തിൽ മൂന്നാം മൂല്യനിർണയം നടത്തിയ 25 ഉത്തരക്കടലാസിൽ 18 വിദ്യാർഥികൾ വിജയിച്ചു. ആദ്യ മൂല്യനിർണയത്തിലെ മാർക്കും റിവ്യൂമാർക്കുമായി 10ൽ കൂടുതൽ വ്യത്യാസം രേഖപ്പെടുത്തിയ 25 അധ്യാപകരോടും വിശദീകരണം തേടും.
പരീക്ഷകൾ കൃത്യതയോടെ നടത്താൻ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരുടെ ജില്ലാതല മേൽനോട്ട സമിതി രൂപീകരിക്കും. പരീക്ഷാകേന്ദ്രത്തിൽ സമിതി മിന്നൽ സന്ദർശനം നടത്തും. മൂന്നുവർഷമെങ്കിലും അധ്യാപക പരിചയം ഉള്ളവരെയാണ് ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിൽ ഉൾപ്പെടുത്തുക. കേന്ദ്രീകൃത മൂല്യനിർണയം നടക്കുന്ന കാലയളവിൽ കോളേജുകളിൽ അധ്യയനം ഒഴിവാക്കും.
സപ്ലിമെന്ററി പരീക്ഷയിൽ നാല് കോളേജിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കോപ്പിയടച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകാനും സിൻഡിക്കറ്റ് തീരുമാനിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38Mzh4W
Comments