ഗോപാലകൃഷ്‌ണനെ തിരുകി, കൗൺസിലർ രാജിവച്ചു ; ബിജെപിയിൽ തർക്കം
തൃശൂർ
കോർപറേഷനിൽ ബി ഗോപാലകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനെ ച്ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് കൗൺസിലറും ബിജെപി തൃശൂർ മണ്ഡലം വൈസ് പ്രസിഡന്റുമായ ലളിതാംബിക സ്ഥാനം രാജിവച്ചു. ഇവർ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നാണ് സൂചന. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് സമ്പൂർണയെ ഒതുക്കിയതിനു പിന്നാലെയാണ് ലളിതാംബികയെയും തഴഞ്ഞത്. ഇതിൽ ഒരുവിഭാഗം ആർഎസ്എസ് –-ബിജെപി പ്രവർത്തകരും കടുത്ത പ്രതിഷേധത്തിലാണ്.
കോർപറേഷൻ കുട്ടംകുളങ്ങര ഡിവിഷനിൽ കൗൺസിലറാണ് ലളിതാംബിക. മറ്റു സിറ്റിങ് കൗൺസിലർമാർക്ക് ജനറൽ വാർഡിലുൾപ്പെടെ സീറ്റ് നൽകിയിട്ടും ലളിതാംബികയെ തഴഞ്ഞു. ഇവരോട് ആലോചിക്കുകപോലും ചെയ്യാതെ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ ഇവിടെ സ്ഥാനാർഥിയാക്കാനാണ് തീരുമാനം. ഇതിൽ പ്രതിഷേധിച്ചാണ് രാജി.
ഇത്തവണ കണ്ണംകുളങ്ങര ജനറൽ ഡിവിഷനിൽ വിൻഷി അരുൺകുമാറിനും തേക്കിൻകാട് ഡിവിഷനിൽ പൂർണിമ സുരേഷിനും സീറ്റ് നൽകി. എന്നാൽ, സിറ്റിങ് കൗൺസിലർ ലളിതാംബികയെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞദിവസം ലളിതാംബിക ഉൾപ്പെടെയുള്ള കുട്ടംകുളങ്ങര മേഖലയിലെ പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ്കുമാർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ബി ഗോപാലകൃഷ്ണന്റെ സ്ഥാനാർഥിത്വം അറിയിച്ചത്. ഇതോടെ പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിപ്പോയി.
പാർടി ഏൽപ്പിച്ച വിശ്വാസം താൻ സംരക്ഷിച്ചിട്ടും തന്നെ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്ന് രാജിക്കത്തിൽ
പറയുന്നു. തന്നോട് ആലോചിക്കുകപോലും ചെയ്യാതെ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ ദുഃഖമുണ്ടെന്നും ലളിതാംബിക രാജിക്കത്തിൽ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2ICbM3S
Comments