ഇഡിക്ക്‌ തിരിച്ചടി; സ്വപ്‌നയുടെ മൊഴി പരിശോധിക്കണമെന്ന്‌ കോടതി


കൊച്ചി
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത പണം ലൈഫ് മിഷൻ കരാറുകാരൻ നൽകിയ കമീഷനാണെന്ന ഇഡി വാദത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശം. ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത പണം സ്വർണക്കടത്തിൽനിന്നുള്ള പ്രതിഫലമോ ലൈഫ് മിഷനിലെ കമീഷനോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. ഇഡിയുടെ വാദത്തിൽ വൈരുധ്യമുണ്ടെന്നും ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു.

ലോക്കറിൽനിന്ന് കിട്ടിയ പണം ലൈഫ് മിഷൻ കരാറുകാരനിൽനിന്ന് ശിവശങ്കറിന് ലഭിച്ചതെന്നാണ് പുതിയ വാദം, ഇത് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെന്നാണ് ഇഡി അവതരിപ്പിച്ചത്. അതുവരെ പറഞ്ഞത് ഇത് സ്വർണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ച പണമെന്നാണ്.

ലോക്കറിലെ പണം ലൈഫിലെ കമീഷനെന്ന ഇഡിയുടെ വാദം, സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡി രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന കേസിന് എതിരാകുമെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. അതിനാൽ പത്തിന് ഇഡിക്ക് സ്വപ്ന നൽകിയ മൊഴി സൂക്ഷ്മമായി പരിശോധിച്ച് അന്വേഷിക്കണം.

ലോക്കറിലെ പണത്തിന്റെ സ്രോതസും ശിവശങ്കറിന്റെ പങ്കും അതിലൂടെയേ തീരുമാനിക്കാനാകൂ. സ്വപ്ന നേരത്തെ നൽകിയ മൊഴികളിലൊന്നും ലോക്കറിലുണ്ടായിരുന്ന പണം ലൈഫ് മിഷനിലെ കമീഷനായി ശിവശങ്കറിനു ലഭിച്ചതാണെന്ന് പറഞ്ഞിട്ടില്ല.

അവർക്ക് കമീഷൻ കിട്ടിയതായി പറഞ്ഞിട്ടുണ്ടെങ്കിലും ശിവശങ്കറിനെ അതുമായി ബന്ധിപ്പിച്ചിട്ടുമില്ല. പുതിയ മൊഴി അതിനെല്ലാം വിരുദ്ധമാണ്. എന്നാൽ ഇഡിയുടെ വാദത്തിലുള്ള വൈരുദ്ധ്യം ശിവശങ്കറിന് ജാമ്യം നൽകാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/36O3pdT

Comments

Archive

Contact Form

Send