ബാങ്ക് ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; ബെഫി കരാറിൽ ഒപ്പിട്ടില്ല

കൊച്ചി > ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ശമ്പള ഘടന പരിഷ്കരിച്ചു. 2017 നവംബർ 1 മുതലാണ് പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരിക. ജീവനക്കാരുടെ നാലു സംഘടനകളും ബാങ്കുടമകളുടെ പ്രതിനിധിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ.) വ്യവസായ തർക്ക നിയമപ്രകാരം ശമ്പള പരിഷ്കരണ കരാറിൽ ഒപ്പുവച്ചു. ബാങ്ക് ഓഫീസർമാരുടെ സംഘടനകളും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജോയിൻ്റ് നോട്ടിലും ഒപ്പുവച്ചു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പലതും നിരാകരിച്ച കരാറിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഒപ്പിടുകയുണ്ടായില്ല. കേന്ദ്ര സർക്കാരിൻ്റെ പുതിയ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കരാർ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബെഫി ഭാരവാഹികൾ പറഞ്ഞു.

പതിനഞ്ചു ശതമാനം വർദ്ധനവ് എന്നാണ് പ്രഖ്യാപനമെങ്കിലും കേവലം 2.5% മാത്രമാണ് അടിസ്ഥാന ശമ്പളത്തിൽ വർദ്ധനവ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ കരാർ മുതലാണ് അടിസ്ഥാന ശമ്പളത്തിൽ വളരെക്കുറഞ്ഞ വർദ്ധനവ് ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കിയത്. ധനകാര്യ മേഖലയിലോ മറ്റൊരു മേഖലയിലോ ഇത്ര കുറഞ്ഞ വർദ്ധനവ് നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ കരാറിൽ, കുറഞ്ഞ വർദ്ധനവ് നടപ്പിലാക്കിയതിനെ തുടർന്ന്, പെൻഷൻ ആനുകുല്യം ലഭിക്കാത്ത, പുതിയ ഒരു സ്പെഷ്യൽ പേ ജീവനക്കാർക്ക് നൽകാൻ ഐ.ബി.എ.നിർബന്ധിതരായി. അത് അടുത്ത കരാറിൽ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണം എന്നതായിരുന്നു അന്ന് സംഘടനകൾ എത്തിച്ചേർന്ന ധാരണ. എന്നാൽ പുതിയ കരാറിൽ അത് അംഗീകരിക്കാൻ ഐ.ബി.എ. തയ്യാറായില്ല. കോടതി അലക്ഷ്യമാകുമെന്നതായിരുന്നു കാരണമായി ചൂണ്ടിക്കാണിച്ചത്. എന്നാൽ കോടതി അലക്ഷ്യമെന്ന് പറഞ്ഞപ്രസ്തുത സ്പെഷ്യൽ പേ യിൽ വർദ്ധനവ് വരുത്തിയാണ് ഇപ്പോൾ കരാർ ഒപ്പിട്ടത്. അടിസ്ഥാന ശമ്പളത്തിൽ കാര്യമായ വർദ്ധനവ് വരുത്താൻ തയ്യാറായില്ല എന്ന് മാത്രമല്ല ജീവനക്കാർക്ക് അമിത ജോലിയും ഉത്തരവാദിത്വവും അടിച്ചേൽപ്പിക്കാനുള്ള ശ്രമവും കരാറിലൂടെ രൂപപ്പെട്ടിരിക്കുന്നു.

1995 മുതൽ നടപ്പിലാക്കിയ ബാങ്കു ജീവനക്കാരുടെ പെൻഷനിൽ കാലോചിതമായ ഒരു മാറ്റവും നാളിതുവരെ പ്രഖ്യാപിച്ചിട്ടില്ല. പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന ന്യായമായ ആവശ്യവും അംഗീകരിക്കാൻ ഐ.ബി.എ യോ കേന്ദ്ര സർക്കാരോ തയ്യാറായിട്ടില്ല.

ബാങ്കിന്റെ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം എന്ന പുതിയ ഒരു ആശയവും ഈ കരാറിലൂടെ നടപ്പിലാക്കിയിരിക്കുകയാണ്. ഭാവിയിൽ ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. റിസർവ്വ് ബാങ്കിലും നബാർഡിലും ജനറൽ ഇൻഷൂറൻസ് കമ്പനികളിലും നിലവിലുള്ളതുപോലെ ശനിയാഴ്ച ദിവസങ്ങൾ അവധി ദിനമാക്കണമെന്ന നിർദ്ദേശവും ഐ.ബി.എ.അംഗീകരിച്ചിട്ടില്ല. ചുരുക്കത്തിൽ മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ വേതന ഘടനയും എന്നാൽ ഏറെ ജോലി ഭാരവുമുള്ള ബാങ്കിംഗ് മേഖലയിലെ തൊഴിലാളികൾക്ക് മാന്യമായ സേവന വേതന വ്യവസ്ഥകൾ നൽകണമെന്ന ആവശ്യങ്ങൾ പോലും നിരാകരിച്ച ഒരു കരാറാണ് ഇന്ന് ഒപ്പിട്ട 11-ാം ഉഭയകക്ഷിക്കരാർ.

ഐബിഎയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ വന് പ്രതിഷേധമാണ് ജീവനക്കാര്ക്കിടയില് ഉയര്ന്നിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിലെ ലോഡിംഗ് വർദ്ധിപ്പിക്കുക, സ്പെഷ്യൽ പേ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക, പെൻഷനും ഫാമിലി പെൻഷനും കാലോചിതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി നിറുത്തലാക്കി എല്ലാവർക്കും പെൻഷൻ അനുവദിക്കുക, പഞ്ചദിനവാരം അനുവദിക്കുക, ബാങ്കിൻ്റെ പ്രകടനത്തെ ശമ്പളഘടനയുമായി കൂട്ടികെട്ടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കരാറിൽ ഒപ്പിടാതെ മാറി നിന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eQ3AIU

Comments

Archive

Contact Form

Send