രാഷ്ട്രപതിക്ക് ഇന്ന് ലക്ഷം ഇ മെയിൽ; പഞ്ചാബിലേക്ക് ചരക്ക് ട്രെയിൻ പുനരാരംഭിക്കണം
ന്യൂഡൽഹി> പഞ്ചാബിലേക്കുള്ള ചരക്ക് ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്ച രാഷ്ട്രപതിക്ക് ലക്ഷം ഇ മെയിൽ അയക്കും. കോർപറേറ്റ് പ്രീണന കാർഷികനിയമങ്ങൾക്കെതിരെ പഞ്ചാബിൽ നടക്കുന്ന പ്രക്ഷോഭത്തോട് പകരംവീട്ടാൻ സംസ്ഥാനത്തെ ജനങ്ങളെ ശിക്ഷിക്കുന്ന കേന്ദ്രനടപടി അപലപനീയമാണെന്ന് കോ–ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച പഞ്ചാബ് കർഷക ഐക്യദാർഢ്യദിനം ആചരിക്കും. ksamresh.nbt@nic.in എന്ന വിലാസത്തിലാണ് ഇ മെയിൽ അയക്കേണ്ടത്.
ചരക്ക് ട്രെയിനുകൾ നിർത്തിയ കാരണം പഞ്ചാബിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നു. കൽക്കരിക്ഷാമത്തെതുടർന്ന് വൈദ്യുതി ഉൽപ്പാദനം നിലച്ചു. പഞ്ചാബിലെ എല്ലാ രാഷ്ട്രീയപാർടികളും കേന്ദ്രനിയമങ്ങളെ എതിർക്കുന്നു. ബിജെപി കർഷകസംഘടനയുടെ ഭാരവാഹികൾ അടക്കം സമരത്തിലുണ്ട്. പഞ്ചാബിലെ കർഷകസംഘടനകളുമായി 13ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്താനിരിക്കെയാണ് ചരക്ക് ട്രെയിനുകൾ നിർത്തിവച്ചത്.
26നും 27നും കർഷകർ നടത്താൻ തീരുമാനിച്ച ഡൽഹി മാർച്ചിന് പൊലീസ് അനുമതി നൽകുന്നില്ല. അനുമതി നിഷേധിച്ചാലും മാർച്ച് നടത്തുമെന്ന് നേതാക്കളായ ഹനൻ മൊള്ള, രാജാറാം സിങ്, മേധ പട്കർ, ഡോ. സുനിലം, പി കൃഷ്ണപ്രസാദ്, ദർശൻ പാൽ എന്നിവർ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3eYQ3iA
Comments