പൊലീസ്‌ ലാത്തികൾ തോറ്റു; കർഷകർ ഇന്നും സമരവുമായി മുന്നോട്ട്


ന്യുഡൽഹി> വഴിയിൽ തടഞ്ഞുനിർത്താനുള്ള ബിജെപി സർക്കാരുകളുടെ സന്നാഹങ്ങളെല്ലാം അവഗണിച്ച് അതിശക്തമായ പ്രതിഷേധവുമായി കർഷകർ ഡൽഹിയിലേക്ക്. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചും അർധസൈനികവിഭാഗങ്ങളെ വിന്യസിച്ചും കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചും കർഷകമാർച്ച് തടയാൻ നടത്തിയ ശ്രമം വിഫലമായി.ഇന്നും കർഷകർ മാർച്ച് തുടരും. അരലക്ഷത്തിൽപ്പരം കർഷകരാണ് വ്യാഴാഴ്ച വൈകിട്ട് ഡൽഹി അതിർത്തികളിലെത്തിയത്. തലസ്ഥാനത്തെയാകെ വരിഞ്ഞുമുറുക്കിയിട്ടും നൂറുകണക്കിനു കർഷകരും വർഗബഹുജനസംഘടനാ പ്രവർത്തകരും ജന്തർമന്ദറിൽ പ്രതിഷേധം ഉയർത്തി. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.



കോർപറേറ്റ് അനുകൂല കാർഷികനിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലാളിപണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചും അഖിലേന്ത്യാ കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ രണ്ട് ദിവസമായി വൻസന്നാഹമാണ് കേന്ദ്രആഭ്യന്തരമന്ത്രാലയവും ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും ഒരുക്കിയത്.

പഞ്ചാബ് ഹരിയാന അതിർത്തിയിൽ കർഷകർനേരെ ജലപീരങ്കിയും കണ്ണീർവാതകവളം പ്രയോഗിച്ചു. ഹരിയാനയിലെ ബിജെപി സർക്കാർ കർഷകർ കടന്നുവരുന്ന വഴികളിൽ മണ്ണുനിറച്ച ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയും തടയാൻ ശ്രമിച്ചു.

കർഷക പ്രക്ഷോഭം അടിച്ചമർത്താൻ ബുധനാഴ്ച രാത്രിമുതൽ ഡൽഹിയിൽ പൊലീസ് അറസ്റ്റ് തുടങ്ങിയിരുന്നു. ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുവദിക്കാമെന്ന് പൊലീസ് നേരത്തേ സമ്മതിച്ചാണ്. എന്നാൽ, വ്യാഴാഴ്ച രാവിലെയോടെ പ്രദേശമാകെ പൊലീസിന്റെ ബന്തവസ്സിലായി. ഒരാളെപ്പോലും പ്രതിഷേധത്തിന് അനുവദിക്കില്ലെന്ന നിലപാടിലായി. തുടർന്ന് ജന്തർ മന്തറിൽ വെച്ച് അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദിനെ പൊലീസ് അറസ്റ്റുചെയ്തു. അഖിലേന്ത്യാ കിസാൻ ഖാറ്റ് ലേബർ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാംകുമാർ, ഡെപ്യൂട്ടി പ്രധാൻ വിജയ് കുമാർ, സെൻട്രൽ ലേബർ ഓർഗനൈസേഷൻ-എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തു.

ഹരിയാനയിൽ നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തു. ഇതെല്ലാം മറികടന്ന് ഉച്ചയ്ക്ക് ജന്തർമന്ദറിൽ നൂറുകണക്കിനു സമരഭടന്മാർ പ്രതിഷേധിച്ചത് സർക്കാരിനെ ഞെട്ടിച്ചു. പൊലീസിനെ ഉപയോഗിച്ച് സമരം നേരിടാനുള്ള ശ്രമം വിജയിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻസഭയും കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റിയും വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2V4Bh0j

Comments

Archive

Contact Form

Send