ഇടുക്കിയിലെ കർഷകർക്കെതിരെ വിധി സമ്പാദിച്ചത് കോൺഗ്രസ് നേതാക്കൾ ; കേസ് വാദിച്ചത് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ
ഇടുക്കി
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ കേസിൽ കുരുക്കി കർഷകരെ പ്രതിസന്ധിയിലാക്കിയത് കോൺഗ്രസ് നേതാക്കൾ. 1964ലെ ഭൂ പതിവ് ചട്ടത്തിലുള്ള എല്ലാ പട്ടയഭൂമിയിലും വാണിജ്യ ആവശ്യത്തിനുള്ള നിർമാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ചത് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഹർജി നൽകിയത് ബൈസൺവാലിയിലെ കോൺഗ്രസ് പഞ്ചായത്തംഗം ലാലി ജോർജ്. ആഗസ്ത് 26ന് നൽകിയ ഹർജിയിലാണ് നിർമാണം തടഞ്ഞ് ഉത്തരവുണ്ടായത്. ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ദ്രുതഗതിയിൽ സ്വീകരിക്കുന്ന നടപടികളെ നിയമക്കുരുക്കിലാക്കി തടയുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.
അനധികൃത നിർമാണം നടത്തിയ റിസോർട്ടുടമകളുടെ കേസ് വാദിച്ച് പരാജയപ്പെട്ട ശേഷമാണ് മുഴുവൻ പട്ടയഭൂമിയിലും നിർമാണം തടയണമെന്ന പുതിയ ഹർജിയുമായി കുഴൽനാടൻ കോടതിയെ സമീപിച്ചത്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ എല്ലാ പട്ടയ ഭൂമിയിലും വൻകിട നിർമാണത്തിനും റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്ന വിധി ഉണ്ടായി. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും സർക്കാർ അപ്പീൽ കൊടുത്തെങ്കിലും സിംഗിൾബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു.
മൂന്നാറിലെ എട്ട് വില്ലേജുകളിൽ വൻകിട നിർമാണം തടഞ്ഞ് 2010 ൽ കോടതി ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ച് ചിലർ നടത്തിയ നിർമാണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവും ഇപ്പോൾ വാഗമൺ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയുമായ ബിജോ മാണിയാണ് ആദ്യം വിജിലൻസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് വിജിലൻസിന്റെ ശുപാർശയിൽ കലക്ടർ സ്റ്റോപ്പ് മെമ്മൊ നൽകി. ഇതിനെതിരെ റിസോർട്ടുടമകൾ നൽകിയ കേസ് ആദ്യം വാദിച്ചത് കുഴൽനാടനാണ്. എതിർകക്ഷിയായി കോൺഗ്രസ് നേതാവ് ബിജോമാണിയും. വിധി റിസോർട്ട് ഉടമകൾക്കെതിരായിരുന്നു. അവരുടെ പട്ടയവും റദ്ദാക്കി. ഇതിനുശേഷമാണ് ഭൂ പതിവ് ചട്ട പ്രകാരം ലഭിച്ച എല്ലാ പട്ടയ ഭൂമിയിലും ഈ വിധി ബാധകമാക്കണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ ഹർജി കൊടുത്തത്. ഇടുക്കിയിലെ ഭൂ പ്രശ്നം പരിഹരിക്കാനുള്ള നീക്കം തടയുന്നതിന് കോൺഗ്രസ് നടത്തിയ ഗൂഢാലോചനയാണിതെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി.
Credits Kerala || Deshabhimani Online News https://ift.tt/2J7zPYQ
Comments