ആർഎസ്‌എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ സി വി ധനരാജിന്റെ ഭാര്യ എൻ വി സജിനി രാമന്തളി പഞ്ചായത്തിൽ സിപിഐ എം സ്ഥാനാർഥി
പയ്യന്നൂർ > നാടിന്റെ ചങ്കുറപ്പായിരുന്നു കുന്നരു കാരന്താട്ടെ സി വി ധനരാജ്. അനീതിക്കെതിരെ, വർഗീയതക്കെതിരെ പോരാടിയതിന് ജീവിതസഖാവിനെ കൺമുന്നിൽ ആർഎസ്എസ്സുകാർ വെട്ടിനുറുക്കിയപ്പോൾ ദുഃഖം കടിച്ചമർത്തി ഭാര്യ എൻ വി സജിനി കൊലയാളികൾക്കെതിരെ ജീവിത സമരം തുടർന്നു. സഖാവിന്റെ തിളച്ചുപൊന്തുന്ന ഓർമകൾ കരുത്താക്കി എൻ വി സജിനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. രാമന്തളി പഞ്ചായത്തിലെ ആറാം വാർഡിൽ സിപിഐ എം സ്ഥാനാർഥിയാണ്.
2016 ജൂലൈ 11നാണ് സജിനിയുടെയും മക്കളുടെയും മറ്റുകുടുംബാംഗങ്ങളുടെയും മുന്നിലിട്ട് ആർഎസ്എസ്സുകാർ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കരുത്തുറ്റ നേതാവായിരുന്ന ധനരാജിന്റെ പ്രത്യയശാസ്ത്രം മുറുകെപിടിച്ച് ജീവിതപോരാട്ടം നടത്തുന്ന സജിനി സിപിഐ എം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗമാണ്.
രാമന്തളി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ എതിരാളികൾ വെട്ടിക്കൊലപ്പെടുത്തിയ ഒ കെ കുഞ്ഞിക്കണ്ണന്റെയും സി വി ധനരാജിന്റെയും ഓർമകൾ നെഞ്ചേറ്റി അവരുടെ ജനകീയ ഇടപെടലുകളും ആശയങ്ങളും പ്രാവർത്തികമാക്കുന്നതിനുള്ള പോരാട്ടം ഏറ്റെടുക്കുകയാണ് സജിനി.
Credits Kerala || Deshabhimani Online News https://ift.tt/2GRsvQ3
Comments