ബിഹാറിലെ വോട്ടർമാരെ ‌അഭിനന്ദിച്ച്‌ ഇടതുപാർടികൾ

ന്യൂഡൽഹി > ബിജെപി–-ജെഡിയു സഖ്യത്തിനും സർക്കാരിനുമെതിരെ മഹാസഖ്യം വീറോടെ നടത്തിയ പോരാട്ടത്തിനു നൽകിയ പിന്തുണയ്ക്ക് ബിഹാറിലെ വോട്ടർമാരെ ഇടതുപാർടികൾ അഭിനന്ദിച്ചു.

ജനങ്ങളുടെ ജീവിതത്തെയും തൊഴിലിനെയും ബാധിക്കുന്ന വിഷയങ്ങളോട് യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും പ്രതികരണം പ്രോത്സാഹനജനകമാണ്. രണ്ട് മുന്നണിയും തമ്മിൽ ചെറിയ വോട്ട് വ്യത്യാസം മാത്രമാണ്. ബിജെപി സഖ്യത്തിനു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടിയതിനെ അപേക്ഷിച്ച് 12 ശതമാനം വോട്ട് കുറഞ്ഞു.

മുഖ്യമന്ത്രി നിതീഷ്കുമാർ ബിജെപിയോടൊപ്പം പോയതിനെ വോട്ടർമാരിൽ വലിയ വിഭാഗം നിരാകരിച്ചു. 2015ൽ 71 സീറ്റ് കിട്ടിയ ജെഡിയുവിനു ഇക്കുറി 43 സീറ്റാണ് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വർഗീയ അജണ്ട പ്രചരിപ്പിച്ച് ധ്രുവീകരണത്തിനു ശ്രമിച്ചു. അടച്ചുപൂട്ടൽ സൃഷ്ടിച്ച സാമ്പത്തികദുരിതങ്ങളും കോവിഡ് വ്യാപനം തടയുന്നതിൽ ഉണ്ടായ പരാജയവും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടി മഹാസഖ്യം ഇതിനെ ഫലപ്രദമായി നേരിട്ടു.

വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ചില ക്രമക്കേടുകൾ നടന്നുവെന്നത് വ്യക്തമാണ്. ഈ പ്രശ്നം തെരഞ്ഞെടുപ്പ് കമീഷൻ കൈകാര്യം ചെയ്ത് പരിഹാരം കാണണം. മഹാസഖ്യത്തിലെ ഇതരകക്ഷികൾക്കൊപ്പം ഇടതുപാർടികൾ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നിൽ കൊണ്ടുവരും.
അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളും സാമൂഹിക–-സാമ്പത്തിക അനീതികളും അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കുവേണ്ടി നിയമസഭയിലെ പ്രാതിനിധ്യം ഇടതുപാർടികൾ വിനിയോഗിക്കും. ഈ പോരാട്ടം തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ–-ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.


Credits National || Deshabhimani ​Online ​News https://ift.tt/2IwfFXF

Comments

Archive

Contact Form

Send