വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദനം: കെ എം ഷാജിക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

കോഴിക്കോട്> അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽയ്ക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ജഡ്ജി കെ വി ജയകുമാർ വിജിലൻസ് എസ്പിക്ക് നിർദേശം നൽകി. പൊതുപ്രവർത്തകനായ അഡ്വ. എം ആർ ഹരീഷ് നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ.

വരവിൽ കവിഞ്ഞ സ്വത്ത് എംഎൽഎ സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പരാതി നൽകിയത്. സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വരുമാനവും ഷാജിയുടെ ആഡംബര വീട് നിർമാണത്തിന് ഉപയോഗിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. അനധികൃതമായി നിർമിച്ച ആഡംബര വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോർപറേഷൻ അധികൃതർ കണ്ടെത്തിയത്. ആർക്കികെട്റ്റുകളുമായി സംസാരിച്ചപ്പോൾ ഇത് നാല് കോടി രൂപയെങ്കിലും വരുമെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചതെന്നും ഹരീഷിന്റെ പരാതിയിൽ പറയുന്നു.

ആവശ്യം പരിഗണിച്ച കോടതി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് എസ്പിയാണ് അന്വേഷണം നടത്തേണ്ടത്. എംഎൽഎയ്ക്കെതിരെ നടക്കുന്ന അന്വേഷണത്തിന് എന്തെങ്കിലും അനുമതി സർക്കാരിൽ നിന്ന് ആവശ്യമുണ്ടെങ്കിൽ അത് വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. കേസ് ജനുവരി ഒമ്പതിന് വീണ്ടും പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2U7aQXv

Comments

Archive

Contact Form

Send