എന്‍ സി ശേഖര്‍ പുരസ്കാരം മീനാക്ഷി ടീച്ചര്‍ക്ക്
കണ്ണൂർ> ഈ വർഷത്തെ എൻ സി ശേഖർ പുരസ്കാരത്തിന് അഴീക്കോടൻ രാഘവന്റെ ജീവിതസഖി കെ മീനാക്ഷി ടീച്ചറെ തെരഞ്ഞെടുത്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമര സേനാനി, പാർലമെന്റേറിയൻ, ട്രേഡ് യൂണിയൻ സംഘാടകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായ എൻ സി ശേഖറുടെ സ്മരണയ്ക്കായി എൻ സി ശേഖർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം. പതിനഞ്ചാമത് പുരസ്കാരമാണ് ഇത്തവണ നൽകുന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരിക്കെ രാഷ്ട്രീയ എതിരാളികളാൽ കൊലചെയ്യപ്പെട്ട അഴീക്കോടൻ രാഘവന്റെ ഭാര്യ എന്ന നിലയിൽ ചെറുപ്പത്തിലേ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ടവരാണ് മീനാക്ഷി ടീച്ചർ. 16 വർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന്റെ ഓർമകളുമായി നിരവധി അഗ്നിപരീക്ഷകളെ അതിജീവിച്ച് 48 വർഷമായി ഇടതുപക്ഷത്തോടൊപ്പം അവർ നിലകൊള്ളുന്നു. അഴീക്കോടൻ രാഘവന്റെ വിപ്ലവരാഷ്ട്രീയ ജീവിതത്തിന് താങ്ങും തണലുമായിരുന്ന മീനാക്ഷി ടീച്ചർ, ഭർത്താവിന്റെ ധീരരക്തസാക്ഷിത്വത്തെ ഉയർത്തിപ്പിടിച്ച് അചഞ്ചലയായി
ജീവിതത്തെ അഭിമുഖീകരിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും പുരസ്കാര സമിതി ചെയർമാനുമായ എം വി ഗോവിന്ദൻ, കവിയും മാധ്യമപ്രവർത്തകനുമായ എൻ പ്രഭാവർമ്മ, പുരസ്കാരസമിതി കൺവീനർ ഡോ. വി പി പി മുസ്തഫ, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എൻ സി ശേഖർ പുരസ്കാരം മീനാക്ഷി ടീച്ചർക്ക് നൽകുന്നതിലൂടെ ചരിത്രത്തിന്റെ രണസ്മരണകളെ ആദരിക്കുകയാണെന്ന് പുരസ്കാരസമിതി അഭിപ്രായപ്പെട്ടു.
എൻ സി ശേഖറുടെ മുപ്പത്തിയഞ്ചാമത് ചരമവാർഷികദിനമായ ഡിസംബർ മൂന്നിന് കണ്ണൂരിൽ വച്ച് പുരസ്കാരം സമ്മാനിക്കും. വി എസ് അച്യുതാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ ചന്ദ്രാനന്ദൻ, സൈമൺ ബ്രിട്ടോ, കെ. രാഘവൻ മാസ്റ്റർ, പ്രൊഫ. എം കെ. സാനു, കെ എം രാഘവൻ നമ്പ്യാർ, പി കെ മേദിനി, കെ മാധവൻ, എം കേളപ്പൻ, ഷാജി എൻ കരുൺ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, സിന്ധു ജോയി, നിലമ്പൂർ ആയിഷ എന്നിവരാണ് മുൻവർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായത്.
Credits Kerala || Deshabhimani Online News https://ift.tt/3n2Kan9
Comments