യുഡിഎഫിൽ പൊട്ടിത്തെറി, സ്വന്തം നിലയ്‌ക്ക്‌ മത്സരിക്കാന്‍ ലീഗ്‌

തിരുവനന്തപുരം> ജില്ലയിൽ മുസ്ലിംലീഗിനെ ഒതുക്കി കോൺഗ്രസ്. യുഡിഎഫ് സംവിധാനത്തിൽനിന്ന് പുറത്തുമത്സരിച്ച് പകരം വീട്ടാനൊരുങ്ങുകയാണ് ലീഗ്. യുഡിഎഫിൽ തർക്കം രൂക്ഷമായതിനാൽ ജില്ലാ കൺവീനർ ബീമാപള്ളി റഷീദിനെ നോക്കുകുത്തിയാക്കി ലീഗ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചത് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയാണ്. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ ഉൾപ്പെടെ പ്രമുഖരാണ് കോൺഗ്രസിനെതിരെ മത്സരിക്കുന്നത്. ജില്ലയിൽ ലീഗിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള പൂവച്ചൽ പഞ്ചായത്തിൽ മിക്ക വാർഡിലും ലീഗിന് സ്വന്തം സ്ഥാനാർഥിയുണ്ട്.

വർക്കല നഗരസഭയിലും ഇടവ, നെട്ടൂർ, നാവായിക്കുളം പഞ്ചായത്തുകളിലും ലീഗ് കോൺഗ്രസിനെതിരെ മത്സരിക്കുന്നു. വരുംദിവസങ്ങളിൽ ഇത് യുഡിഎഫിനകത്ത് പോര് ശക്തിപ്പെടുത്തും. കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം തങ്ങളെ തിരസ്കരിച്ചെന്നാണ് ലീഗ് പരാതി. 100 വാർഡുള്ള കോർപറേഷനിൽ അഞ്ചു വാർഡ് മാത്രമാണ് ലീഗിന് നൽകിയത്. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് മാത്രം.

പഞ്ചായത്തുകളിലായി 15 സീറ്റ് മാത്രം. ജില്ലാ പഞ്ചായത്ത് കണിയാപുരം ഡിവിഷനിൽ ഒരു ലീഗ് നേതാവിന്റെ മകളാണ് സ്ഥാനാർഥി. ഇതിലും ലീഗിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. യുഡിഎഫ് ജില്ലാ കൺവീനറായിട്ടും അർഹമായ സീറ്റ് വാങ്ങിത്തന്നില്ലെന്നാണ് ബീമാപള്ളി റഷീദിനെതിരായ പരാതി. അതോടെയാണ് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയായ അദ്ദേഹത്തെ മാറ്റി മറ്റൊരു സംസ്ഥാന സെക്രട്ടറിയായ കെ എസ് ഹംസയ്ക്ക് ചുമതല നൽകി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

യുഡിഎഫിൽ വലിയ പൊട്ടിത്തെറിക്ക് വഴിയിട്ടാണ് യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറിതന്നെ മത്സരിക്കുന്നത്. കഴിഞ്ഞദിവസം പൂവച്ചൽ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബോർഡിൽ ലീഗ് നേതാക്കളുടെ പടംവച്ചത് ലീഗുകാർതന്നെ മാറ്റിച്ചിരുന്നു. പൂവച്ചലിൽ നേരത്തെതന്നെ നിരവധി ലീഗുകാർ കുടുംബസമേതം സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. യൂത്ത്ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സജാദ് പൂവച്ചലിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ലീഗിന്റെ സ്ഥാപക നേതാവിന്റെ കുടുംബവും ഇതിൽപെടും. വർക്കല നഗരസഭയിൽ പല വാർഡിലും ലീഗ് സ്വന്തം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.




Credits Kerala || Deshabhimani ​Online ​News https://ift.tt/336sakr

Comments

Archive

Contact Form

Send