മഞ്ജിയിൽ സിപിഐ എമ്മിന് ഉജ്ജ്വലവിജയം; സത്യേന്ദ്ര യാദവ് നേടിയത് മൂന്നാം അങ്കത്തിൽ
പട്ന > എൻഡിഎ സ്ഥാനാർഥിയെ എല്ലാ അർത്ഥത്തിലും നിഷ്പ്രഭമാക്കിയ വിജയമാണ് മഞ്ചിയിൽ സത്യേന്ദ്ര യാദവ് നേടിയത്. മൂന്നാം അങ്കത്തിലാണ് സിപിഐ എം സ്ഥാനാർഥി ഡോ. സത്യേന്ദ്ര യാദവ് വിജയിച്ച് കയറുന്നത്. മഹാസഖ്യ സ്ഥാനാർത്ഥിയായ യാദവ് ജെഡിയുവിന്റെ മാധവി സിങ്ങിനെയാണ് 29,888 ലധികം വോട്ടുകൾക്ക് തോൽപ്പിച്ചത്.
ഒരു റൗണ്ട് കൂടി ബാക്കിനിൽക്കേ എൻഡിഎ സ്ഥാനാർഥിയായ ജെഡിയുവിലെ മാധവി കുമാരിക്ക് 28571 വോട്ടുകളാണ് നേടാൻ സാധിച്ചത്. സത്യേന്ദ്ര യാദവിന് 58459 വോട്ട് ലഭിച്ചു.
2010ൽ ആദ്യ മത്സരത്തിൽ ഡോ. സത്യേന്ദ്ര യാദവ് നേടിയത് 5541 വോട്ടാണ്. 2015ൽ ഇത് പതിനെണ്ണായിരത്തിലേക്ക് ഉയർന്നു.
സിപിഐ എം സരൺ ജില്ലാ സെക്രട്ടറിയറ്റ് അംഗവും കിസാൻസഭ ജില്ലാ സെക്രട്ടറിയുമാണ് നാൽപ്പത്തി മൂന്നുകാരനായ സത്യേന്ദ്ര. പട്ന നഗരത്തിൽനിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് യുപിയുമായി അതിർത്തി പങ്കിടുന്ന ഗാങ്റ നദിയോട് ചേർന്നാണ് മാഞ്ചി മണ്ഡലം. കൃഷിയും മത്സ്യബന്ധനവുമാണ് മുഖ്യഉപജീവനം.
1977 മുതൽ സോഷ്യലിസ്റ്റുകളും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടിയ മേഖലയിൽ 2010 മുതൽ ചിത്രംമാറി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സത്യേന്ദ്ര യാദവ് ആദ്യമായി സിപിഐ എം ചിഹ്നത്തിൽ മത്സരത്തിനിറങ്ങി. ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത മേഖല. രാഷ്ട്രീയവിധി കുറിച്ചിരുന്നത് രാജ്പുതുകളും ഭൂമിഹാറുകളും ബ്രാഹ്മണരും. പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റുള്ള ചെറുപ്പക്കാരൻ ജന്മനാട്ടിൽ സിപിഐ എമ്മിന്റെ പൂർണസമയ പ്രവർത്തകനായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നപ്പോൾ പലരും നെറ്റിചുളിച്ചു.
ആദ്യ മത്സരത്തിന് 32–-ാം വയസ്സിൽ ഇറങ്ങുമ്പോൾ മണ്ഡലത്തിൽ പാർടിക്ക് പ്രവർത്തകർപോലും ഇല്ലായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയമെന്തെന്ന് സംവദിച്ചു; അഞ്ചുശതമാനം വോട്ട് നേടി. പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ സവർണരുടെ കടന്നാക്രമണങ്ങളെ ചെങ്കൊടി ഉയർത്തി ചെറുത്തു. 2015ലെ തെരഞ്ഞെടുപ്പിൽ മൂന്നാമതെത്തി. വോട്ട് 13 ശതമാനത്തിലേക്ക് ഉയർത്തി. ആർജെഡി–- ജെഡിയു സഖ്യത്തിലായിരുന്ന കോൺഗ്രസിന്റെ വിജയ്ശങ്കർ ദൂബെയാണ് ജയിച്ചത്.ജയിച്ചയാളും സത്യേന്ദ്രയുമായുള്ള വോട്ടുവ്യത്യാസം 12,000.
തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യം സ്ഥാനാർഥിയായ സത്യേന്ദ്രയ്ക്ക് ഇക്കുറി മുഖ്യ എതിരാളി. എൽജെപിയുടെ സൗരഭ് പാണ്ഡെയും ആർഎൽഎസ്പിയുടെ ഓംപ്രകാശ് കുശ്വാഹയും സംഘപരിവാർ പശ്ചാത്തലമുള്ള റാണാപ്രതാപ് സിങ്ങും രംഗത്തുണ്ടായിരുന്നു.
Credits National || Deshabhimani Online News https://ift.tt/32tltsa
Comments