മട്ടിഹാനിയുടെ വോട്ട് മാഫിയാരാജ് തടയാൻ; ചെങ്കോട്ടയാകാൻ ബെഗുസരായ്
.jpg)
മാഫിയാ വാഴ്ച അവസാനിപ്പിച്ച് മട്ടിഹാനിയിൽ ഒന്നര ദശകത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ചെങ്കൊടി പാറിക്കുകയെന്ന ദൗത്യമാണ് സിപിഐ എം സ്ഥാനാർഥി രാജേന്ദ്ര സിങ്ങിനുള്ളത്. 2005 മുതൽ എംഎൽഎയായ നരേന്ദ്രകുമാർ സിങ് എന്ന ബോഗോ സിങ്ങാണ് എതിരാളി. സ്വതന്ത്രനായി തുടങ്ങിയ ബോഗോ നിലവിൽ ജെഡിയുവിലാണ്. മൂന്ന് കൊലപാതക കേസടക്കം 13 കേസുകളിൽ പ്രതിയാണിയാൾ. ബെഗുസരായി–- മട്ടിഹാനി മേഖലയിൽ മദ്യ–- മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത് ബോഗോ സിങ്ങാണെന്ന് ആക്ഷേപമുണ്ട്.
എൽജെപി സ്ഥാനാർഥി രാജ്കുമാർ സിങ്ങിനും മാഫിയാ ബന്ധമുണ്ട്. 1950 മുതൽ മൂന്ന് ദശകം ബിഹാറിൽ ഭീതി പടർത്തിയ മാഫിയാ തലവൻ കാംദേവ് സിങ്ങിന്റെ മകനാണ് രാജ്കുമാർ. ബെഗുസരായിൽ ശക്തമായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കോൺഗ്രസുമായി ചേർന്ന് ദുർബലപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചത് കാംദേവാണ്. അമ്പതുകളിൽ ബെഗുസരായി മേഖലയിൽ കമ്യൂണിസ്റ്റ് പാർടി വിജയിച്ചിരുന്നു. തോക്കിൻമുനയിൽ കാംദേവും സംഘവും ബൂത്തുകൾ പിടിച്ചാണ് പിന്നീട് കോൺഗ്രസ് ജയം ഉറപ്പിച്ചത്. 1980ൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുംവരെ എൺപതോളം പേരെയാണ് ഈ മാഫിയാത്തലവൻ കൊന്നൊടുക്കിയത്. രാജേന്ദ്ര സിങ് 1985ൽ ബെഗുസരായിൽ മൽസരിച്ച് രണ്ടാമതെത്തി. 1995ൽ ജയിച്ചു. മട്ടിഹാരിയിൽ ഇത് ആദ്യമാണ്. 1990, 95, 2000 വർഷങ്ങളിൽ സിപിഐ ഇവിടെ ജയിച്ചിരുന്നു.
പിപ്രയിൽ സിപിഐ എം ബിജെപി മുഖാമുഖം
സിപിഐ എം മൽസരിക്കുന്ന മണ്ഡലങ്ങളിൽ ബിജെപി മുഖ്യഎതിരാളിയായി വരുന്നത് പിപ്രയിലാണ്. സംസ്ഥാന കമ്മിറ്റിയംഗം രാജ്മംഗൽ പ്രസാദാണ് പിപ്രയിൽ സിപിഐ എം സ്ഥാനാർഥി. ബിജെപിയുടെ സിറ്റിങ് എംഎൽഎ ശ്യാംബാബു പ്രസാദ് യാദവാണ് എതിരാളി.
1957ൽ പിപ്രയിൽ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയുടെ ഗംഗാനാഥാണ് ജയിച്ചത്. പിന്നീട് രണ്ടുവട്ടം സിപിഐയ്ക്ക് എംഎൽഎമാരുണ്ടായി.
വീണ്ടും ചെങ്കോട്ടയാകാൻ ബെഗുസരായ്
കമ്യൂണിസ്റ്റ് സ്വാധീനത്താൽ ‘ലെനിൻഗ്രാഡ്’ ആയിരുന്നു ഒരു കാലത്ത് ബെഗുസരായ്. 1995 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയിലെ ഏഴ് മണ്ഡലത്തിൽ അഞ്ചും ഇടതുപക്ഷത്തോടൊപ്പം നിന്നു. ജാതിഅധിഷ്ഠിത രാഷ്ട്രീയം പിന്നീട് ഇടതുപക്ഷത്തെ ദുർലപ്പെടുത്തിയെങ്കിലും പല മണ്ഡലങ്ങളിലും തുടർന്നും ജയിക്കാനായി.
ബെഗുസരായിലെ നാല് സീറ്റിൽ സിപിഐ എം–- സിപിഐ സ്ഥാനാർഥികളുണ്ട്. മട്ടിഹാനിയിൽ രാജേന്ദ്രപ്രസാദ് സിങ്ങും കനയ്യ കുമാറിന്റെ നാടായ തേഗ്രയിൽ സിപിഐയുടെ രാംരത്തൻ സിങ്ങുമാണ് മഹാസഖ്യം സ്ഥാനാർഥികൾ. ബച്ച്വാരയിൽ സിപിഐയുടെ അവധേഷ് കുമാറാണ് മഹാസഖ്യം സ്ഥാനാർഥി. 2010ൽ സിപിഐ ഇവിടെ ജയിച്ചിരുന്നു. ബക്ക്റിയിൽ സിപിഐയുടെ സൂര്യകാന്ത് പസ്വാനാണ് മൽസരിക്കുന്നത്.
ബിഹാറിൽ 29 സീറ്റിലാണ് ഇടതുപക്ഷം മൽസരിക്കുന്നത്. കുറഞ്ഞത് 12 സീറ്റിൽ ജയിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അരുൺ മിശ്ര പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2I63O2A
Comments