സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
തിരുവനന്തപുരം > കേരളത്തില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലര്ട്ടുകള് പ്രഖ്യാപിച്ചു. ഡിസംബര് ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര് രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറില് 115.6 മില്ലീമീറ്റര് മുതല് 204.4 മില്ലീമീറ്റര് വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ ജില്ലകൾക്ക് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
ഡിസംബര് ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഡിസംബര് രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 64.5 മില്ലീമീറ്റര് മുതല് 115.5 മില്ലീമീറ്റര് വരെ ശക്തമായ മഴ ലഭിക്കും.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല് പൊതുജനങ്ങളും സര്ക്കാര് സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലേര്ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില് താഴ്ന്ന പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്-മണ്ണിടിച്ചില് സാധ്യതയുള്ള മലയോര പ്രദേശങ്ങള് തുടങ്ങിയ ഇടങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണം.
ഇടിമിന്നലിനും സാധ്യതയുള്ളതിനാല് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല് ജാഗ്രത നിര്ദേശം പാലിക്കണമെന്നും നിര്ദേശമുണ്ട്.
2018, 2019 വര്ഷങ്ങളില് ഉരുള്പൊട്ടല്-മണ്ണിടിച്ചില്, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില് ഉള്ളവര്, ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള് അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള് എന്ന് കണ്ടെത്തിയ സ്ഥലങ്ങളില് താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്ക്കാര് സംവിധാനങ്ങളും അപകട സാധ്യത മുന്നില് കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള് പൂര്ത്തീകരിക്കണം.
കോവിഡ് 19ന്റെ പശ്ചാത്തലത്തില് ദുരിതാശ്വാസ ക്യാമ്പുകള് നടത്താന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള് പൂര്ത്തീകരിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/2JlP6F8
Comments