എന്‍ജിഒ അസോസിയേഷന്‍ പിളര്‍പ്പിലേക്ക്

കൊച്ചി> കോണ്ഗ്രസ് അനുകൂല സര്ക്കാര് ജീവനക്കാരുടെ സംഘടനയായ കേരള എന്ജിഒ അസോസിയേഷന് പിളര്പ്പിലേക്ക്. ഗസറ്റഡ് ഓഫീസര് തസ്തികയിലേക്ക് നിലവിലെ സംസ്ഥാന ട്രഷറര് പ്രൊമോഷന് കിട്ടിയതിനെ തുടര്ന്നുണ്ടായ ഒഴിവ് നികത്താന് രണ്ടിന് കൊച്ചിയില് സംസ്ഥാന ഭാരവാഹിയോഗം ചേര്ന്നിരുന്നു. വൈസ് പ്രസിഡന്റുമാരില് സീനിയറായ എ എം ജാഫര്ഖാനെ ട്രഷറര് ആക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.

എന്നാല്, ജൂനിയറായ മറ്റൊരാളെ ട്രഷറര് ആക്കാനാണ് സംസ്ഥാന പ്രസിഡന്റ് സി ജയകുമാര് ശ്രമിച്ചത്. ഇത് യോഗത്തില് ഒച്ചപ്പാടിനിടയാക്കി. കയ്യാങ്കളിയിലെത്തിയ യോഗം തീരുമാനമാകാതെ പിരിഞ്ഞു.

തുടര്ന്ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് തീരുമാനം രേഖപ്പെടുത്താതെ കഴിഞ്ഞദിവസം യോഗതീരുമാനങ്ങള് രേഖപ്പെടുത്തിയ സര്ക്കുലര് ഇറങ്ങി. തൊട്ടുപിന്നാലെ ഈ സര്ക്കുലര് തിരുത്തി പുതിയത് ഇറക്കി. അതില് പുതിയ ട്രഷററായി നിലവിലെ വൈസ് പ്രസിസന്റ് എ രാജശേഖരന്നായരെ തെരഞ്ഞെടുത്തതായി ചേര്ത്തത് സംഘടനയില് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ജനറല് സെക്രട്ടറി ഉള്പ്പെടെ അഞ്ച് ഭാരവാഹികള് ഐ വിഭാഗത്തിലാണ്. സംസ്ഥാന പ്രസിഡന്റും ട്രഷററും ഉള്പ്പെടെ ഏഴ് ഭാരവാഹികളാണ് എ വിഭാഗത്തിനുള്ളത്. കൊടിക്കുന്നില് സുരേഷ് എംപിയുടെ വിശ്വസ്തനായ സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികള്ക്കെതിരെ സംഘടനയിലെ എ വിഭാഗവും നേരത്തെ രംഗത്തുണ്ട്. എ ഗ്രൂപ്പിലെ പ്രശ്നങ്ങള് പരിഹരിക്കാന് മുതിര്ന്ന നേതാവ് കെ സി ജോസഫ്, എം എം ഹസന്, സര്വീസ് സംഘടനാ ചുമതലയുള്ള അഡ്വ. ടി സിദ്ദിഖ് എന്നിവര് എത്തിയിരുന്നു.

അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അവരുടെ നിര്ദേശങ്ങളും അവഗണിച്ചാണ് പ്രവര്ത്തിക്കുന്നതെന്നാണ് എ വിഭാഗത്തിലെ പരാതി. ഇതിനിടെ തൃശൂര് ജില്ലാ കമ്മിറ്റി ഐ വിഭാഗത്തിന് വിട്ടുകൊടുത്തതും പ്രതിഷേധം ശക്തമാക്കി. എ വിഭാഗം പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് തിരിച്ചടിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് രാജിവയ്ക്കുകയും ചെയ്തതോടെ എന്ജിഒ അസോസിയേഷന് പിളര്പ്പിലേക്ക് നീങ്ങുകയാണ്. സംസ്ഥാന പ്രസിഡന്റിനെതിരെ 11 ജില്ലാ കമ്മിറ്റികള് രംഗത്തുവന്നത് കോണ്ഗ്രസ് നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n5hvy0

Comments

Archive

Contact Form

Send