കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിശ്രമം മഹാരാഷ്ട്രയിലും
ന്യൂഡൽഹി
അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെയും ബിജെപിയുടെയും ശ്രമം മഹാരാഷ്ട്രയിലും. ഇതിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത് വന്നു. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനു പകരം രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രദ്ധിക്കേണ്ടതെന്ന് ഉദ്ധവ് പറഞ്ഞു.
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുടെ മറവിൽ ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ അടക്കമുള്ളവരെ കുടുക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ നീക്കം നടന്നു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആദിത്യക്കെതിരെ തെളിവൊന്നും ലഭിച്ചില്ല. മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനോടൊപ്പം ബിഹാർ തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ടായിരുന്നു. ‘ബിഹാറിന്റെ പുത്രനായ’ സുശാന്തിന് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യം ചില മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപി ഉയർത്തി.
ബിഹാറിന്റെ പുത്രനുവേണ്ടി കണ്ണീരൊഴുക്കുന്നവർ മഹാരാഷ്ട്രയുടെ പുത്രനെ സ്വഭാവഹത്യ നടത്തുകയാണെന്ന് ഉദ്ധവ് തിരിച്ചടിച്ചു. കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുമ്പോഴും ബിജെപിയിതര സംസ്ഥാന സർക്കാരുകളെ തകർക്കാനുള്ള വ്യഗ്രതയിലാണ് മോഡി. ഇതുവഴി ബിജെപി അരാജകത്വം ക്ഷണിച്ചുവരുത്തുകയാണെന്നും ഉദ്ധവ് ദസറ സന്ദേശത്തിൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3ev8oDm
Comments