സിപിഐ എം നേതാവിനെ വെട്ടിക്കൊല്ലാൻ ആർഎസ‌്എസ‌് ശ്രമം
കാഞ്ഞങ്ങാട്> സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ കുറുന്തൂരിലെ വി സുകുമാരനെ (59) വെട്ടിക്കൊല്ലാൻ ശ്രമം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ വീടിന് പുറത്തിറങ്ങിയപ്പോൾ ഇരുട്ടിൽ മറഞ്ഞിരുന്ന ആർഎസ്എസ്സുകാരൻ സച്ചിനും കണ്ടാലറിയുന്ന മറ്റൊരാളും കുത്തിവീഴ്ത്തുകയായിരുന്നു. മൂർച്ചയുള്ള ആയുധംകൊണ്ടായിരുന്നു അക്രമം. കൈത്തണ്ടക്ക് ആഴത്തിൽ മുറിവേറ്റു. വീണ്ടും വെട്ടിയപ്പോൾ ഒഴിഞ്ഞുമാറി. ഇതിനിടെ കൈമുട്ടിനും തോൾഭാഗത്തും ആഴത്തിൽ മുറിഞ്ഞു.
ബഹളം കേട്ട് ആളുകൾ എത്തുമ്പോഴേക്കും അക്രമികൾ ഇരുട്ടിൽ മറഞ്ഞു. ആർഎസ്എസ്സുകാർ തുടർച്ചയായി കുറുന്തൂരിലും സൗത്ത് പരിസരത്തും അക്രമം നടത്തുകയാണ്. സിപിഐ എം, ഡിവൈഎഫ്ഐ പതാകകൾ നശിപ്പിക്കുക, പാർടി പ്രവർത്തകരെ ആക്രമിക്കുക എന്നിങ്ങനെ നിരവധി സംഭവങ്ങൾ അടുത്തകാലത്ത് നടന്നിരുന്നു. സുകുമാരന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുകുമാരനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38MJdvj
Comments