യങ് ഇന്ത്യ എസ്‌റ്റേറ്റ് കേസ് ; കാൽനൂറ്റാണ്ടിന്റെ നിയമപോരാട്ടം; തൊഴിലാളികൾ കുറ്റവിമുക്തർ
മലപ്പുറം
മലയാള മനോരമ ഗ്രൂപ്പിന്റെ നെന്മിനി യങ് ഇന്ത്യ ബാലന്നൂർ എസ്റ്റേറ്റ് മാനേജ്മെന്റ് നൽകിയ വധശ്രമക്കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിടുമ്പോൾ ബാക്കിയാവുന്നത് തൊഴിലാളിസമര ചരിത്രത്തിലെ ഉജ്വല അധ്യായം. ഇരുപത്തിയഞ്ച് വർഷം നീണ്ട നിയമപോരാട്ടമാണ് വിജയിച്ചത്.
1995 ഏപ്രിൽ 27ന് സിഐടിയു പ്രവർത്തകർ സംഘംചേർന്ന് അന്നത്തെ എസ്റ്റേറ്റ് മാനേജർ എബ്രഹാം മാത്യുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിലാണ് തൊഴിലാളികളെ ജസ്റ്റിസ് അനിൽ കുമാർ കുറ്റവിമുക്തരാക്കിയത്. ഉപ്പേങ്ങൽ ശിവദാസൻ (62), പരുത്തികുന്നൻ അബു (60), പല്ലാട്ടിൽ ഉസ്മാൻ (53), തമ്പിവീട്ടിൽ ശ്രീധരൻ (50), കളരിക്കൽ രാമകൃഷ്ണൻ (60), പരിയാരത്ത് മുരളീധരൻ (50), പൂരിമണ്ണിൽതലാപ്പിൽ അബ്ദുൾ സലാം (45), പുനർക്കാടൻ നിസാമുദ്ദീൻ (45), വെളുത്തേങ്ങാടൻ ആലി (65), പല്ലാട്ടിൽ മുഹമ്മദാലി (51), ആക്കപറമ്പൻ മൊയ്തീൻ (63), ആലഞ്ചേരിയിൽ ജോയി (62), വേർക്കോട്ടുപറമ്പിൽ നാടി (45), മറുക്കാട്ട് ചന്ദ്രൻ (61) എന്നിവരാണ് കുറ്റമുക്തരായത്. ഇവർക്കുപുറമെ പാലോളി അലവി, പൂളക്കൽ പറങ്ങോടൻ എന്നിവർ വിസ്താരത്തിനിടെ മരിച്ചു.
മനോരമ എസ്റ്റേറ്റ് ഡിവിഷനായ ബാലന്നൂർ എസ്റ്റേറ്റിലെ തൊഴിലാളികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് കേസ് ആരംഭിച്ചത്. 1993 ജൂൺ 28നായിരുന്നു സംഭവം. മുൻകൂർ നോട്ടീസ് പോലും കൊടുക്കാതെ 14 തൊഴിലാളികളെയും ഒരു സൂപ്പർവൈസറെയുമാണ് മാനേജ്മെന്റ് പിരിച്ചുവിട്ടത്. പിന്നീട് രണ്ടുവർഷം സിഐടിയു നേതൃത്വത്തിൽ സമരം തുടർന്നു.
ഇതിനിടെ സമരക്കാർക്കെതിരെ ചെറുതും വലുതുമായ 32 കേസുകൾ വേറെയും ഉണ്ടായിരുന്നു. മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്ന കേസിൽ മഞ്ചേരി അസി. സെഷൻസ് കോടതി തൊഴിലാളികളെ അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചു. പിന്നീട് സെഷൻസ് കോടതി കൊലപാതക ശ്രമത്തിനുള്ള കുറ്റം ഇളവുചെയ്ത് ശിക്ഷ മൂന്ന് കൊല്ലമാക്കി. അതിനുശേഷമാണ് ഹൈക്കോടതിയിൽ കേസ് എത്തിയത്. തൊഴിലാളികൾക്കുവേണ്ടി ഹൈക്കോടതി സീനിയർ അഭിഭാഷകൻ വിജയഭാനു, അഡ്വ. എം രാജേഷ് മഞ്ചേരി എന്നിവർ ഹാജരായി.
Credits Kerala || Deshabhimani Online News https://ift.tt/3kQsD09
Comments