മാധ്യമങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതവേണം: മുഖ്യമന്ത്രി


കൊച്ചി
സാമൂഹ്യപ്രതിബദ്ധതയില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത എത്രനാൾ സൂക്ഷിക്കാനാകും എന്നത് വർത്തമാനകാല മാധ്യമങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ദേശീയ പത്രവാരാചരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരേ ലക്ഷ്യത്തോടെ ഒന്നിലധികം മാധ്യമങ്ങൾ ഒരേവിധത്തിൽ വാർത്തകൾ ചമയ്ക്കുന്ന സ്ഥിതിവിശേഷം നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ മാധ്യമങ്ങൾ അവരുടെ യജമാനൻമാരെ തൃപ്തിപ്പെടുത്താൻ ചെയ്യുന്നത് യഥാർഥ മാധ്യമപ്രവർത്തനമാണോയെന്നും അതിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ഒരംശമെങ്കിലും ഉണ്ടോയെന്നതും ജനങ്ങൾ വിലയിരുത്തും.

ലക്ഷങ്ങളുടെ കണക്കുപറയുന്ന പ്രചാരത്തിനും ടിആർപി റേറ്റിനും അപ്പുറത്ത് ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന ജനകീയപ്രശ്നങ്ങൾ ആത്മാർഥതയോടെ കൈകാര്യം ചെയ്യുമ്പോൾ മാത്രമേ മാധ്യമങ്ങൾ സമൂഹത്തോടുള്ള ധർമം നിറവേറ്റുന്നുള്ളൂ.

മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് ചിലരുടെ ഇരട്ടത്താപ്പുകൾ തിരിച്ചറിയപ്പെടണം. വിശ്വാസ്യത നഷ്ടപ്പെട്ടാൽ പത്രങ്ങൾ കടലാസ് മാത്രമാകുമെന്ന സത്യം തിരിച്ചറിഞ്ഞ് പുതുതലമുറ മാധ്യമപ്രവർത്തകർ മുന്നേറണം. രാജ്യത്തെ മാധ്യമങ്ങൾ നിലനിൽപ്പിനെ ബാധിക്കുന്ന രണ്ട് ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. മാധ്യമധർമം കൈവെടിഞ്ഞ് പ്രത്യേക ലക്ഷ്യത്തോടെ കെട്ടുകഥകൾക്ക് സമാനമായ വാർത്തകൾ പ്രചരിപ്പിക്കുന്നതുമൂലം വിശ്വാസ്യതാനഷ്ടം ഉണ്ടാകുന്നു. മറുവശത്ത് ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും മാധ്യമങ്ങൾക്ക് സംഘടിതശക്തികൾ കൂച്ചുവിലങ്ങിടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പിജി ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ചടങ്ങിൽ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യൻപോൾ, ഡോ. എം ലീലാവതി, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ്, അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/36KLuop

Comments

Archive

Contact Form

Send