മാധ്യമ വിശ്വാസ്യത വീണ്ടെടുക്കേണ്ടത്‌ ജനാധിപത്യത്തിന്‌ അനിവാര്യം: പി രാജീവ്‌

ആലപ്പുഴ > മാധ്യമ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്. ദേശീയ പത്രവാരാചരണത്തോടനുബന്ധിച്ച് മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകളുടെ വിന്യാസവും വിശകലനവും വ്യത്യസ്തമാണ്. എന്നാൽ ഇവ ഇഴചേർത്ത് വേർതിരിച്ച് അറിയാത്ത വിധമാണ് പല മാധ്യമങ്ങളുടെയും അവതരണം. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിൽ. ഓരോ വാക്കിലും വിന്യാസത്തിലും തലക്കെട്ടിലും ചിത്രങ്ങളുടെ അടിക്കുറിപ്പിലും ഇത് കാണാം. ദൃശ്യമാധ്യമങ്ങൾ ചർച്ചാവിഷയം തീരുമാനിക്കുന്നതിലും അതിഥികളെ നിശ്ചയിക്കുന്നതിലുമെല്ലാം ഈ സമീപനമുണ്ട്. സ്വർണക്കടത്ത് കേസെന്ന് മാധ്യമങ്ങൾ പറയും.

എന്നാൽ കടത്തിയതാര്, ആർക്കുവേണ്ടി, കേന്ദ്ര ഏജൻസിയായ കസ്റ്റംസിന്റെ സഹായം എന്നീ അടിസ്ഥാനകാര്യങ്ങളിൽ ചോദ്യങ്ങളില്ല. കേസിൽ വിവിധ ഏജൻസികൾ പരസ്പരവിരുദ്ധമായി പറയുന്ന കാര്യങ്ങളെക്കുറിച്ചും പല മാധ്യമങ്ങളും സംശയം ഉന്നയിക്കുന്നില്ല. ഗെയിൽ പദ്ധതിയെക്കുറിച്ച് എഡിറ്റോറിയൽ എഴുതുമ്പോഴും ഭരണാധികാരി ആരെന്ന് പറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. ഈ മാധ്യമങ്ങൾക്കെല്ലാം പക്ഷമുണ്ട്. അത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പക്ഷമാണ്. സംസ്ഥാനത്ത് സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തരുതെന്ന് അവർക്ക് നിർബന്ധമുണ്ട് –- രാജീവ് പറഞ്ഞു. എം പി ലിപിൻ രാജിന്റെ ‘നവമാധ്യമ പരിചയം’ പുസ്തകം പി രാജീവ് പ്രകാശനംചെയ്തു.

ടെക്ജെൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ പുസ്തകം ഏറ്റുവാങ്ങി. ഇരുളിന്റെ മറവിൽ ചുമരുകളിൽ അശ്ലീലം എഴുതിയാളെ കൈയക്ഷരം നോക്കിമാത്രമേ കണ്ടുപിടിക്കാൻ കഴിയുമായിരുന്നുള്ളൂവെങ്കിൽ സൈബർ ഇടങ്ങളിലെ എല്ലാ പ്രവർത്തിയും വിവരസാങ്കേതികവിദ്യയുടെ സങ്കേതങ്ങളാൽ കണ്ടുപിടിക്കാൻ കഴിയുമെന്ന് ജോയി സെബാസ്റ്റ്യൻ പറഞ്ഞു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം നൽകേണ്ട ചുമതല യഥാർഥ മാധ്യമപ്രവർത്തകർക്കാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ പ്രസ്ക്ലബുമായി ചേർന്ന് നടത്തിയ പരിപാടിയിൽ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകളെക്കുറിച്ച് നിരീക്ഷിച്ച് വസ്തുത ജനങ്ങളിലെത്തിക്കാനുള്ള സമിതിക്ക് രൂപംനൽകാൻ അക്കാദമി ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ യു ഗോപകുമാർ, സെക്രട്ടറി ആർ രാജേഷ് എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ISsL1B

Comments

Archive

Contact Form

Send