വന്യജീവികളിൽനിന്ന് സുരക്ഷയൊരുക്കി വനം വകുപ്പ്
പത്തനംതിട്ട
ശബരിമല തീർഥാടന പാതയിൽ തീർഥാടകർ കടന്നുപോകുമ്പോൾ ആനയോ വന്യമൃഗങ്ങളോ നിലയുറപ്പിച്ചാൽ സഹായത്തിന് വനപാലകർ ഏതുസമയവും ഓടിയെത്തും. സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ കൺട്രോൾ റൂം പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കുന്നു. സഹായം ആവശ്യമുള്ള തീർഥാടകർക്ക് പമ്പയിലെയോ(04735203492) സന്നിധാനത്തെയോ(04735202077) കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.
പമ്പയിലും സന്നിധാനത്തും എലഫന്റ് സ്ക്വാഡിനെയും പാമ്പ് പിടുത്തതിന് ആളിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പയിലെ എലഫന്റ് സ്ക്വാഡിൽ വെറ്ററിനറി ഓഫീസർ ഉൾപ്പെടെ അഞ്ചു പേരുണ്ട്. സന്നിധാനത്തെ എലഫന്റ് സ്ക്വാഡിൽ നിലവിൽ ഒരാളാണുള്ളത്.
പാമ്പുകളെ പിടിക്കുന്നതിന് പമ്പയിലും സന്നിധാനത്തും ഓരോ ആൾവീതം 24 മണിക്കൂറും സേവനത്തിലുണ്ട്. പുലർച്ചെ പമ്പയിൽ നിന്ന് ആദ്യം പുറപ്പെടുന്ന തീർഥാടകർക്കും രാത്രി ദർശനം കഴിഞ്ഞ് അവസാനം ഇറങ്ങുന്ന തീർഥാടകർക്കും സുരക്ഷിതപാത ഒരുക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ അകമ്പടി സേവിക്കുന്നു. പാമ്പിനെ പിടിക്കുന്നതിൽ പ്രാവീണ്യമുള്ള താൽകാലിക ജീവനക്കാരെയാണ് മണ്ഡല- മകരവിളക്ക് തീർഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും നിയോഗിച്ചിരിക്കുന്നത്.
മതസൗഹാർദ പ്രതീകമായി വാവരുനട
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെയുള്ള വാവരു നട മതസൗഹാർദത്തിന്റെ പ്രതീകം. അയ്യപ്പ സ്വാമിയുടെ ഉറ്റ ചങ്ങാതിയായ വാവരു സ്വാമിയുടെ നടയിലും ദർശനം നടത്തിയാണ് ഭക്തർ മലയിറങ്ങുന്നത്. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. എരുമേലി ക്ഷേത്രത്തിലും വാവരുപള്ളിയിലും ദർശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക.
പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര് വെട്ടപ്ലാക്കൽ കുടുംബത്തിലെ തലമുതിർന്ന അംഗമാണ് വാവരുനടയിൽ മുഖ്യകാർമികനായി എത്തുന്നത്. വി എസ് അബ്ദുൽ റഷീദ് മുസലിയാരാണ് ഇപ്പോഴുള്ള മുഖ്യ കാർമികൻ. ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളുന്ന ശബരിമലയും അതോടു ചേർന്നുള്ള വാവരുനടയും.
Credits Kerala || Deshabhimani Online News https://ift.tt/3nNbRkl
Comments