കൊച്ചിയിൽ യുഡിഎഫ് മേയർസ്ഥാനാർഥിക്ക് ചുറ്റും കേസുകൾ
കൊച്ചി > തനിക്കെതിരെ വിജിലൻസ്, പൊലീസ് കേസുകളില്ലെന്ന യുഡിഎഫ് സ്ഥാനാർഥി എൻ വേണുഗോപാലിന്റെ അവകാശവാദം കള്ളമാണെന്ന് തെളിയുന്നു. 2013 മുതൽ 2015 വരെ ജിസിഡിഎ ചെയർമാനായിരിക്കെ നടത്തിയ ക്രമക്കേടുകളുടെ പേരിൽ ഇദ്ദേഹത്തിനെതിരെ രണ്ടു വിജിലൻസ് കേസുകളും ഒരു പൊലീസ് കേസുമുണ്ട്.
ജിസിഡിഎ ചെയർമാന്റെ ഔദ്യോഗികവസതിയിൽനിന്ന് എസിയും വീട്ടുപകരണങ്ങളും കാണാതായ കേസിൽ മുൻകൂർ ജാമ്യത്തിലുമാണ്. തനിക്കെതിരെ കേസുകളൊന്നും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രസ്ക്ലബ്ബിലെ മീറ്റ് ദ പ്രസിലും എൻ വേണുഗോപാൽ പറഞ്ഞത്. ജിസിഡിഎ ചെയർമാന്റെ ഔദ്യോഗിക വസതിയിൽനിന്ന് വീട്ടുപകരണങ്ങൾ കാണാതായെന്ന കേസിൽ കഴിഞ്ഞ ആഗസ്ത് 22നാണ് വേണുഗോപാൽ അറസ്റ്റിലായത്. മൂന്നു ജീവനക്കാരും അറസ്റ്റിലായിരുന്നു.
ഇവർ മുൻകൂർ ജാമ്യമെടുത്താണ് സ്റ്റേഷനിൽ ഹാജരായത്. കാണാതായ സാധനങ്ങൾക്കായി വേണുഗോപാലിന്റെ മുണ്ടംവേലിയിലെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഏതാനും സാമഗ്രികൾ കണ്ടെത്തിയിരുന്നു. കൊച്ചുകടവന്ത്രയിലെ വീട്ടിൽ ആദ്യം നടത്തിയ റെയ്ഡിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല. റെയ്ഡിനല്ല തന്റെ മൊഴിയെടുക്കാനാണ് പൊലീസ് എത്തിയത് എന്നാണ് വേണുഗോപാൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിനു സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മുൻകൂർ ജാമ്യം നേടിയത്.
ജിസിഡിഎ ചെയർമാനായിരിക്കെ മുണ്ടംവേലിയിൽ തുടങ്ങിയ മത്സ്യകൃഷിയിൽ നടന്ന അഴിമതിക്കാണ് ഒരു വിജിലൻസ് കേസ്. 6.60 കോടി രൂപ മുടക്കി ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ജലാശയത്തിന് ആഴം കൂട്ടുകയും കൂട് മത്സ്യകൃഷി നടപ്പാക്കുകയുമായിരുന്നു. ടെൻഡർ വിളിക്കാതെയാണ് സ്വകാര്യ കരാർ നൽകിയത്. 2015 ജൂലൈയിൽ കാളാഞ്ചിക്കുഞ്ഞുങ്ങളെ വാങ്ങാൻ10.80 ലക്ഷം രൂപ അനുവദിച്ചു. മീൻ 50 ഗ്രാം തൂക്കമാകുമ്പോൾ ജിസിഡിഎയുടെ കുളത്തിൽ നിക്ഷേപിക്കാമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ, മീനുകൾ ചത്തുപോയെന്നുപറഞ്ഞ് 2016 ഏപ്രിലിൽ വീണ്ടും 10.80 ലക്ഷം രൂപ അനുവദിച്ചു. എൻ വേണുഗോപാലിനെ കൂടാതെ മുൻസെക്രട്ടറി ആർ ലാലു, കരാറുകാരൻ സൈമൺ വർഗീസ് എന്നിവരും പ്രതികളായി. ഭൂമി ഇടപാടുകളിൽ വൻ ക്രമക്കേട് നടത്തിയെന്നാണ് മറ്റൊരു വിജിലൻസ് കേസ്. വേണുഗോപാൽ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് കേസെടുത്തത്. ഭൂമി ഇടപാടുകളിലൂടെ 7.80 കോടി രൂപയുടെ നഷ്ടം ജിസിഡിഎക്ക് ഉണ്ടായെന്നും വിജിലൻസ് കണ്ടെത്തി.
പ്രഥമവിവര റിപ്പോർട്ടും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഗാന്ധിനഗറിൽ 50 സെന്റ് ഭൂമി സെന്റിന് വെറും എട്ടുലക്ഷം രൂപയ്ക്കാണ് വിറ്റത്. സെന്റിന് 35 ലക്ഷത്തിലേറെ രൂപ വിലമതിക്കും. തേവരയിലെയും പനമ്പിള്ളിനഗറിലെയും സ്ഥലങ്ങളും തുച്ഛമായ വിലയ്ക്ക് വിറ്റു. അംബേദ്കർ സ്റ്റേഡിയത്തിനടുത്തുള്ള 20 സെന്റ് സ്ഥലത്തിന് സെന്റിന് 30 ലക്ഷത്തോളം രൂപ വിലയുള്ളപ്പോൾ വിറ്റത് 12 മുതൽ 15 ലക്ഷം രൂപവരെ വിലയ്ക്കാണ്.
Credits Kerala || Deshabhimani Online News https://ift.tt/2KITyOU
Comments