പഞ്ചാബ് മുഖ്യമന്ത്രിയെ വട്ടമിട്ട് കേന്ദ്രഏജന്‍സികള്‍ ; കൗമാരക്കാരനടക്കമുള്ള കൊച്ചുമക്കള്‍ക്കും നോട്ടീസ്
ന്യൂഡൽഹി> പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്ന്ന കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും കുടുംബാംഗങ്ങൾക്കും ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും നോട്ടീസ്.
ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിന് അയച്ച നോട്ടീസിൽ ഇഡി ആവശ്യപ്പെട്ടു. അമരീന്ദർ സിങ്ങിനും മുൻ വിദേശ സഹമന്ത്രികൂടിയായ ഭാര്യ പ്രണീത് കൗർ എംപിക്കും ആദായനികുതിവകുപ്പാണ് നോട്ടീസ് അയച്ചത്. ഇവരുടെ മൂന്നു ചെറുമക്കൾക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇതിൽ ഒരാൾ കൗമാരക്കാരനാണ്.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായി പഞ്ചാബ് നിയമസഭ ബില്ലുകൾ പാസാക്കിയതിനു പിന്നാലെയാണ് നോട്ടീസുകളെന്ന് അമരീന്ദർ സിങ് പ്രതികരിച്ചു. കോർപറേറ്റ് നുകത്തിൽ കർഷകരെ കെട്ടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ ബില്ലുകൾ കൊണ്ടുവന്നപ്പോഴാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടല്–-അമരീന്ദർ സിങ് പറഞ്ഞു.
ബില്ലുകൾക്ക് അനുമതി തേടി രാഷ്ട്രപതിയെ കാണാൻ ശ്രമിച്ച അമരീന്ദറിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് അമരീന്ദർ സിങ് കഴിഞ്ഞദിവസം ജന്തർമന്ദറിൽ സത്യഗ്രഹം നടത്തി.
Credits National || Deshabhimani Online News https://ift.tt/368IKRh
Comments