കാര്യങ്ങൾ തുറന്നുപറയുമെന്ന് ശോഭ സുരേന്ദ്രൻ ; ശോഭപ്പേടിയിൽ സുരേന്ദ്രൻ
കോഴിക്കോട്
പാർടിക്കുള്ളിലെ അവഗണന സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്ന ശോഭ സുരേന്ദ്രന്റെ പ്രഖ്യാപനം ബിജെപി നേതൃത്വത്തിന് ഭീഷണിയാകുന്നു. രണ്ട് പതിറ്റാണ്ടിലേറെ സജീവമായ വനിതാനേതാവിന്റെ അഭിപ്രായം നേതൃത്വത്തിൽ അസ്വസ്ഥതയുണർത്തുന്നതാണ്. സ്ഥാനമോഹിയാക്കിയും പാർടിവിടാനുള്ള തന്ത്രമായും ഔദ്യോഗിക പക്ഷം അധിക്ഷേപിക്കുന്നതിനിടയിലാണ് കാര്യങ്ങൾ തുറന്നുപറയുമെന്ന് ശോഭ പറഞ്ഞത്. കേന്ദ്രനേതൃത്വത്തിലെ സ്വാധീനം ബലമാക്കി ശോഭയെയും വിമതരെയും ഒതുക്കാനുള്ള കെ സുരേന്ദ്രന്റെ നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകുന്നു.
കോർ കമ്മിറ്റി ചേർന്ന് ചർച്ച
മുതിർന്ന നേതാക്കൾ കൂട്ടത്തോടെ പരസ്യമായി ശബ്ദിച്ചത് കേന്ദ്രനേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. മുമ്പില്ലാത്ത പ്രവണതയാണ് ഇത്. പ്രശ്നങ്ങൾ തീർക്കാൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നിർദേശം നൽകിയിട്ടുണ്ട്. സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. അടുത്താഴ്ച സംസ്ഥാന കോർ കമ്മിറ്റി യോഗം വിളിക്കും. സുരേന്ദ്രൻ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ശൈലിമാറ്റം നിർബന്ധിതമാകുമെന്നാണ് ഉൾപ്പാർടി രഹസ്യങ്ങളറിയുന്ന നേതാക്കൾ പറയുന്നത്. ശോഭയോട് കേന്ദ്രനേതാക്കൾ നേരിട്ട് സംസാരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വി മുരളീധരനും സുരേന്ദ്രനും ചേർന്നുള്ള കൂടിയാലോചനയെന്ന നിലയിലാണ് ഇപ്പോഴത്തെ സംഘടനാപ്രവർത്തനമെന്നതാണ് പ്രധാന ആക്ഷേപം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനടക്കം കോർ കമ്മിറ്റി വിളിച്ചില്ല. പരിഗണനയും കൂട്ടായ്മയുമില്ലെന്ന നേതാക്കളുടെ വിമർശത്തിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ശോഭ സുരേന്ദ്രൻ, പി എം വേലായുധൻ, കെ പി ശ്രീശൻ എന്നീ നേതാക്കളുടെ പ്രതികരണം പരിഗണിക്കണമെന്ന അഭിപ്രായവും ശക്തം. അവഗണനയിൽ മനംമടുത്താണ് ശോഭയടക്കമുള്ളവർ പൊട്ടിത്തെറിച്ചതെന്ന വിലയിരുത്തലുണ്ട്. ആർഎസ്എസ് സംസ്ഥാന നേതൃത്വം ഇടപെട്ടതും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ്. സുരേന്ദ്രനും വി മുരളീധരനും പിന്നാലെ ശോഭയുമായും ആർഎസ്എസ് നേതൃത്വം സംസാരിച്ചിട്ടുണ്ട്.

ദേശീയനേതൃത്വം പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പരസ്യമായി ഇടപെടില്ല. എന്നാൽ, പ്രശ്നങ്ങൾ ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് ദേശീയ ജനറൽ സെക്രട്ടറി ആർ ബാലശങ്കറടക്കമുള്ളവരുമായി കൂടിയാലോചിച്ചത്. സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും മുൻ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയുടെ നിലപാടും ദേശീയനേതൃത്വത്തെ സ്വാധീനിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ പാർടിക്കു പുറത്ത് അഭിപ്രായപ്രകടനം പാടില്ലെന്ന വിലക്ക് എല്ലാവരും മാനിച്ചേക്കും. അതേസമയം, പ്രശ്നങ്ങൾ പറഞ്ഞതിന് ശോഭയെയും പി എം വേലയുധനെയും സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നത് ശക്തമായിട്ടുണ്ട്. ഔദ്യോഗികപക്ഷത്തിന്റെ പൂർണ പിന്തുണയോടെയാണ് വ്യാപക പ്രചാരണമെന്നാണ് സംശയം.
പ്രവർത്തകർ ആശയക്കുഴപ്പത്തിൽ : പി പി മുകുന്ദൻ
സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കിയെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ഭിന്നതയുണ്ടെന്നത് രഹസ്യമല്ല. ഏതുതരം അപസ്വരമാണെങ്കിലും ദോഷകരമാണ്. അത് പരിഹരിക്കണം. ഈ വിഷയത്തിൽ കേന്ദ്രനേതൃത്വം സംസ്ഥാന ഭാരവാഹികൾക്ക് ചില നിർദേശങ്ങൾ നൽകിയതായി വാർത്തകളുണ്ട്. ഇതിന്റെ നിജസ്ഥിതി ഉത്തരവാദപ്പെട്ടവർ പ്രവർത്തകരെ അറിയിക്കണം. അനുകൂല സന്ദർഭങ്ങളുണ്ടായിട്ടും ദേശീയതലത്തിലേതിനനുസൃതമായി വോട്ടുകളാക്കുന്നതിൽ ബിജെപി വിജയിക്കുന്നില്ല. ഇതിൽ ഗൗരവ പരിശോധന വേണമെന്നും മുകുന്ദൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/38CLCsA
Comments