കൂടുതൽ മന്ത്രിസ്ഥാനത്തിന് പിടിമുറുക്കി ബിജെപി
ന്യൂഡൽഹി
ബിഹാറിൽ നിതീഷ്കുമാറിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുമെങ്കിലും മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ബിജെപി ചോദിച്ചുവാങ്ങും. സ്പീക്കർ സ്ഥാനവും ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകളും ബിജെപി ആവശ്യപ്പെടും. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ധാരണയായില്ലെങ്കിലും മുഖ്യമന്ത്രിയായി നിതീഷ്കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ശുഭദിനമായി കരുതപ്പെടുന്ന ‘ഭയ്യാ ദൂജ്’ ആഘോഷമാണ് തിങ്കളാഴ്ച.
നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിലെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരോടു പറഞ്ഞിരുന്നു. എങ്കിലും കൂടുതൽ എംഎൽഎമാർ ഉള്ളതിനാൽ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ബിജെപി ആവശ്യപ്പെടും. നിലവിൽ ബിജെപിക്ക് 12ഉം ജെഡിയുവിന് 18ഉം മന്ത്രിസ്ഥാനമാണ്. സ്പീക്കർ പദവിയും ജെഡിയുവിനാണ്. കഴിഞ്ഞ നിയമസഭയിൽ ജെഡിയുവിന് 71ഉം ബിജെപിക്ക് 53ഉം ആയിരുന്നു എംഎൽഎമാർ.
ജെഡിയുവിന് തിരിച്ചടി നേരിട്ടതോടെ എംഎൽഎമാർ 43 ആയി ചുരുങ്ങി. ബിജെപിക്ക് 74 എംഎൽഎമാരുണ്ട്. പരമാവധി 36 പേർക്കാണ് മന്ത്രിസ്ഥാനം നൽകാനാകുക. നിലവിൽ ധനം, ഐടി, കൃഷി, റവന്യൂ, റോഡുനിർമാണം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ബിജെപിക്കാണ്. ആഭ്യന്തരമുൾപ്പെടെ ജെഡിയുവിനും. ചുരുങ്ങിയത് 15 മന്ത്രിസ്ഥാനമെങ്കിലും ബിജെപി ആവശ്യപ്പെടും. സ്പീക്കർ പദവിയിലും ബിജെപിക്ക് താൽപ്പര്യമുണ്ട്. എന്നാൽ, ബംഗാൾ തെരഞ്ഞെടുപ്പുവരെ നിതീഷിനെ പ്രകോപിപ്പിക്കാതെയാകും ബിജെപി നീക്കം.
Credits National || Deshabhimani Online News https://ift.tt/2Ulo0A6
Comments