കോട്ടയത്ത് തനിച്ച് മത്സരിക്കാൻ ലീഗ്; ജോസഫിന്റെ ഒരുസീറ്റു കൂടി കോൺഗ്രസ് തിരിച്ചെടുത്തു
കോട്ടയം
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മുസ്ലിംലീഗിന് സീറ്റ് നൽകാതെ വഞ്ചിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ കോട്ടയം ജില്ലാ ഘടകം ലീഗ് സംസ്ഥാന നേതാക്കൾക്ക് പരാതി നൽകി. എരുമേലി, മുണ്ടക്കയം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കങ്ങഴ ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്താനും സംസ്ഥാനനേതൃത്വത്തോട് അനുമതി തേടി.
കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്ത ഉഭയകക്ഷി യോഗത്തിൽനിന്നും ലീഗ് പിണങ്ങിപ്പോയിരുന്നു. രണ്ടര മണിക്കൂർ നടന്ന ചർച്ച തങ്ങളെ അപമാനിക്കുന്നതായിരുന്നുവെന്നും സീറ്റ് ഇല്ലെന്ന കാര്യം പറയാൻ ഫോണിലൂടെ ബന്ധപ്പെട്ടാൽ മതിയായിരുന്നുവെന്നും ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ പറഞ്ഞു.
എരുമേലി ജില്ലാ ഡിവിഷനും ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നുവാർഡുമാണ് ലീഗ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. മൂന്ന് തവണ ചർച്ചയും നടത്തി. അവസാന നിമിഷംവരെ പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ തഴഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റിൽ ലീഗിന് കണ്ണുണ്ട്. ഈ ആവശ്യം മുളയിലെ നുള്ളുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് സീറ്റ് നിഷേധിച്ചത്. ലീഗ് ആവശ്യപ്പെട്ട ഡിവിഷനിൽ അഞ്ച് കോൺഗ്രസ് നേതാക്കൾ മത്സരിക്കാൻ രംഗത്തുണ്ട്.
അതേസമയം ജോസഫിന് ആദ്യം നൽകിയ ഒമ്പതിൽ വൈക്കം ഡിവിഷൻ കോൺഗ്രസ് തിരിച്ചുപിടിച്ചു. മറ്റാർക്കും നൽകാതെ 22 സീറ്റ് കോൺഗ്രസും ജോസഫ് ഗ്രൂപ്പും പങ്കിട്ടെടുക്കുന്നതിൽ ജേക്കബ് വിഭാഗത്തിനും എതിർപ്പുണ്ട്
Credits Kerala || Deshabhimani Online News https://ift.tt/38BCcgR
Comments